ലംബവും തിരശ്ചീനവും തെറ്റിയൊരു നഗരത്തില്‍
ഈച്ചയിട്ടു പഴക്കിയ മുന്തിരിവീഞ്ഞ് കുടിക്കാന്‍
ഉപ്പൂറ്റി പറിഞ്ഞു നടക്കുന്നു ഞാന്‍ (എന്നെ മടുക്കല്ലേ).
മുന്‍പില്‍ തെരുവിന്റെ നീളം
സൂചിക്കുഴയിലെ നൂലു പോലെ
നീണ്ടു വലിഞ്ഞ് കണ്ണില്‍ കിഴിയുന്നു.
നഗരമേ നഗരമേ
കവിതയൊന്നും വരുന്നില്ല
വന്നത് കുറച്ച് പൊടിപടലങ്ങളും
അഴുക്കുവണ്ടിയുടെ വിളികളും
വൈകുന്നേരം നാവ് തരിപ്പിക്കുന്ന ക്ഷാരദ്രവങ്ങളും
കുഴഞ്ഞ് കൂട്ടു കൂടി നടക്കുമ്പോള്‍
ഇരുട്ടില്‍ മൂത്രമണമുള്ള മതില്‍ ചേര്‍ന്ന്
വിശപ്പിന്‍റെ നോട്ടമെറിയുന്ന നിഴലും
നനഞ്ഞു കെട്ട വഴിവിളക്കുകളും
മദ്യശാലയില്‍ പണമേശയ്ക്കപ്പുറം കരഞ്ഞ് ചിരിച്ച് നീലഫ്രില്ല് പാവാടയുടുത്ത്
മരിയാ നീയും നിന്റെ കവിളില്‍ വിളറുന്ന നിയോണ്‍ വസന്തവും
മുന്തിരി വീഞ്ഞേ മുന്തിരിക്കുഞ്ഞേ
മധുരം തിമിട്ടിത്തിമിട്ടി ചഷകത്തിന്മേല്‍ പതഞ്ഞു തൂവി
കാല്‍നടവഴികളില്‍ മണം പിടിച്ചെനിക്ക് മീതേയൊഴുക്
മധുര മരിയാ മുന്തിരിവീഞ്ഞേ
മുന്തിരിപ്പാടത്ത് നീ പെറ്റ ദൈവക്കനിയെവിടെ മുന്തിരിവീഞ്ഞേ
റാക്കേ റാക്കേ റാക്കെവിടേയെന്ന് പാടിപ്പാടി
റാക്കേ റാക്കേയിങ്ങനെ വട്ടം കറക്കാതെയെന്ന് പാടിപ്പാടി
മരിയാ നീയൊരു മേശയില്‍ നിന്നും മറ്റൊന്നിലേക്കൊഴുമ്പോള്‍
വീഞ്ഞ് ചുരത്താത്ത നിന്റെ വിശുദ്ധമുലകള്‍ തെറിച്ചു പായുമ്പോള്‍
ഇടം വലമാടുന്ന കുഞ്ഞ് പെന്‍ഗ്വിന്‍ തലകള്‍ കുഴഞ്ഞ് കുഴഞ്ഞ് കരയുമ്പോള്‍
മരിയാ മധുരനൊമ്പരമറിയാ
മുകള് പെരുക്കിയര കുറുകിയ ചഷകത്തില്‍
വടിവൊത്ത കുമിളകള്‍ മെനഞ്ഞു നീ വാ
നിന്റെയിരമ്പുന്ന പിടച്ചിലുകളേ
ഒരു ഫ്രഞ്ചുമ്മയില്‍ എന്റെ വായില്‍ നീ പാടിത്തന്ന പാനകളേ
മുന്തിരിമണമുള്ള വിലാപങ്ങളേ
പ്രിയമുള്ളവളേ
എന്റെ കരള് പിഴിഞ്ഞെടുത്ത ചാറാണ് നിന്നെ ചുവപ്പിക്കുന്നത്
എന്റെ കരള് കരിഞ്ഞ വേവാണ് നിന്റെ കടലുകള്‍ കുടിച്ച് വറ്റിക്കുന്നത്
പ്രിയമുള്ളവളേ നീയൊരു വേശ്യ
നിന്നെ പ്രണയിക്കാന്‍ മാത്രം ഞാനൊരു പെണ്ണാകും
നമ്മുടെയുടല്‍, അഴിഞ്ഞഴിഞ്ഞൊഴുകുന്ന നമ്മുടെയുടല്‍
മരിയാ തീ തിളയ്ക്കുന്ന നമ്മുടെയുടല്‍
എന്റെ ദേഹത്തലഞ്ഞലഞ്ഞൊഴുകുന്ന തെരുവുകളില്‍ നീയഴിഞ്ഞാടി നടക്കുക
നീ പതഞ്ഞൊഴുകുന്ന വഴികളില്‍ എന്റെ ചുണ്ടുകളില്‍ നീ നട്ടു വളര്‍ത്തിയ അവീന്‍ പൂക്കള്‍ മണക്കട്ടെ
ഇരു ശിശുക്കളെ പോല്‍ നിര്‍ലജ്ജം പുണര്‍ന്ന് നാം കരള്‍ കക്കി തിമിട്ടട്ടെ
അന്നേരം നീളവും ചതുരവുമെത്താത്ത നമ്മുടെ പുല്‍പ്പായില്‍
നിനക്കു പുറം തിരിഞ്ഞ് കാശു കടം പറയും ഞാന്‍.
റാക്കേ റാക്കേ വട്ടം കറക്കാതെ തട്ടിത്തൂവി വീഴില്ലേ
മരിയാ നീയും ഞാനും നഗരവുമൊന്നും പണ്ടേ നേരെയല്ല
പുലഭ്യമാടിക്കൊണ്ട് നീയെങ്ങെനെ തിരികെപ്പോകും?
മരിയാ റാക്കൊഴിക്കും മറിയാ
മണങ്ങളും രുചികളും കാറ്റും വെളിച്ചവും വിലക്കിയൊരു നഗരത്തില്‍
അഴുക്ക് ചാലില്‍ ഒരു കവിത വീണൊഴുകി പോയാലെന്താണ്?