Monday, July 30, 2007

നരകപുരാണം

കണ്ണുകള്‍ തുരന്ന്,
ചെവിയിലീയമുരുക്കി,
നാവു പിഴുത്‌,
എനിക്കലട്ടിയ അസ്തിത്വദു:ഖമെന്നിലൂര്‍ദ്ധ്വം വലിച്ചെന്ന്
ഞാന്‍ കൊതിച്ചു.

ദുരയുടെ മിടിപ്പും, സിരയില്‍ വിഷവും,
ഭ്രാന്തന്‍ വേഗവും
നുര കുത്തിയപ്പോള്‍
കണ്ണു സ്ത്രീയില്‍ വച്ചു
ചെവി ചുണ്ടില്‍ പതിച്ചു
നാക്ക്‌ സാത്താനു സുവിശേഷം പാടി
മുലപ്പാലില്‍ ഞരമ്പു മുറിച്ചും, പൊക്കിളിനു തീ വച്ചും
എന്നെ വ്യഭിചരിച്ചു ഞാന്‍ വിശുദ്ധനായി.

Saturday, July 28, 2007

രസം ബീഭത്സം

വല:
ജീവിതം ചിലയിടത്തു നിന്നും തുടങ്ങുന്നു,
ഒഴുക്കു വെള്ളത്തിലേക്കു മഴയെന്ന പോലെ.
വഴികള്‍ നേരെയും പുളഞ്ഞും മുന്‍പോട്ട്‌.
ജീവിതം!
കാലം!
തിരിഞ്ഞൊന്നു നോക്കൂ!
പൂത്ത മുളങ്കാടിന്‍ തണലില്‍
നീ കണ്ട സ്വപ്നങ്ങള്‍!
നീളുന്ന വെയില്‍ച്ചീന്തില്‍ ചിരിക്കുന്ന വെള്ളിക്കൊലുസും,
മുള്‍വേലിക്കിരുപുറം പൂത്ത പൂച്ചില്ലകളും,
സിന്ദൂരം വാരിപ്പൂശിയ പെണ്ണിന്‍ കവിളിണകളും.
നെടിയൊരു നിശ്വാസത്തിനും നിനക്കര്‍ഹതയില്ല
നടന്നു കൊള്ളൂ,
ചതുപ്പുകള്‍ നിനക്കായി കാത്തിരിക്കുന്നു.

വേടന്‍:
കടുംചായം പുരട്ടി വേഷങ്ങള്‍ക്കിടയില്‍
നീയുമൊരു വേഷം
തീത്തെയ്യമായി കനലിലിറങ്ങിക്കൊള്ളൂ,
താളച്ചുവടുകള്‍ വഴി കാട്ടിയേക്കും
ഇനി പുഴയുടെ തണുപ്പിലേക്ക്‌
പാമ്പുകള്‍ നിറഞ്ഞ ഊടു വഴിയിലൂടെ.

പ്രാക്കള്‍:
ഓര്‍മ്മകള്‍ കത്തിത്തീര്‍ന്ന പന്തങ്ങള്‍ പോലെ,
കരി പിടിച്ചിരുണ്ടവ
വെളിച്ചമില്ല; ഒരല്‍പ്പം ചൂടു മാത്രം.

അവസ്ഥാന്തരം:
ഇനിയൊരവസരം,
ഡെമോക്ളിസിന്‍റ്റെ വാളില്‍ പിടിച്ചു കയറാം നിനക്ക്‌
തൊലി ഇന്‍ഷ്യുര്‍ഡ്‌ ആണെങ്കില്‍.

അനന്തരം:
വേടന്‍റ്റെ ഔചിത്യത്തേയും മറി കടന്ന്‌
പ്രാക്കള്‍ വലയുമായി പറക്കുന്നില്ലല്ലോ-
യെന്നെനിക്ക്‌.....

Tuesday, July 24, 2007

അളക്കല്‍

ചോദ്യങ്ങള്‍ക്കുത്തരം മുട്ടിക്കുന്ന സൂചികയാണു നീ
ചോര്‍ന്ന കൈവിരലുകള്‍ക്കു മീതെയുള്ള കീറലും.

നെഞ്ചിലെ മാപിനിയില്‍ നിന്റെയളവുകള്‍ കുറഞ്ഞപ്പോള്‍
മുറിവുകള്‍ മൂടി, ചോര വറ്റി.


നിന്നില്‍ എന്നെ ഞാന്‍ ജീവിപ്പിച്ചതു
ആരെന്നെറിയനാല്ല; എന്തെന്നെറിയാനായിരുന്നു.


എന്നില്‍ നിന്നു നിന്നിലേക്കളക്കുമ്പോള്‍
നിന്നില്‍ നിന്നെന്നിലേക്കുള്ള ദൂരം കൂടുന്നു.


മൂടലില്‍ വിരലുകള്‍ ഞാന്‍ നീട്ടിയപ്പോള്‍
കൂട്ടിത്തൊടാതെ പോയതു നിന്റെ കാര്യം
ഇപ്പോള്‍ ഞാന്‍ നോക്കുന്നതെന്റെ കാര്യവും.