രാവിലെ
പല്ലു തേക്കാനുമിക്കരിയെടുത്ത് ചെല്ലുമ്പോള്‍
താഴത്തെത്തൊടിയില്‍
പാവലിന് പന്തല്‍ കെട്ടുന്ന ബഹളമായിരിക്കും
പിള്ളേ അങ്ങനേല്ലിങ്ങനേന്ന്
വല്യച്ഛനും
യ്‌ക്കറ്യാം ഞാനാദ്യായിട്ടാ ത് കെട്ടണേന്ന്
പിള്ളേച്ചനും
അന്നേരം ഞാന്‍ ചോദിക്കും
ദെങ്ങ്നാ കെട്ടണേ വല്യച്ഛാന്ന്
കണ്ണിറുക്കിയൊരു ചിരി ചിരിച്ച്
വല്യച്ഛന്‍ പറയും
ദ്ക്കെയൊരു ട്രിക്കല്ലേ
കുശിനിപ്പുരയ്ക്കോല മേയുമ്പോള്‍
പിള്ളേ കുരുത്തോല നല്ലോണം
വാട്ടിയേ കെട്ടാവുള്ളൂന്ന്
വല്യച്ഛനും
യ്‌ക്കറ്യാം ഞാനാദ്യായിട്ടാ ത് ചെയ്യണേന്ന്
പിള്ളേച്ചനും
അന്നേരവും ഞാന്‍ ചോദിക്കും
ദെങ്ങ്നാ കെട്ടണേ വല്യച്ഛാന്ന്
വയറിനിട്ടൊരു കുഞ്ഞിക്കിളിയിട്ട്
വല്യച്ഛന്‍ പറയും
ദ്ക്കെയൊരു ട്രിക്കല്ലേ
വല്യച്ഛന്‍ മരിച്ചന്ന്
പിള്ളേ പന്തല് കെട്ട്ണോല്ലോ
മഴ പെയ്താ മാലിപ്പുര കെട്ട്ണോല്ലോന്ന്
ഓരോരുത്തര്‍ ചോദിച്ചപ്പോള്‍
ബീഡി തുരുതുരെ വലിച്ച്
യ്‌ക്കൊന്നറീല്ലാന്ന് പറഞ്ഞ്
കണ്ണു തുടച്ചു
പിള്ളേച്ചന്‍
എന്നാലുമെന്‍റെ വല്യച്ഛാ
ആ കെട്ടെങ്ങനാ കെട്ടീത്‌ന്ന്
പറഞ്ഞില്ലല്ലോ ഇതു വരെ.
Saturday, November 15, 2008
Saturday, October 18, 2008
നോട്ടം
എപ്പോഴെങ്കിലും
ഒരു പെണ്ണിന്‍റെ മുലകളില്‍
ഒളിഞ്ഞു നോക്കുമ്പോഴോ
ഉറ്റു നോക്കുമ്പോഴോ
അര്‍ബുദം ബാധിച്ച മുലകളെ ഓര്‍ത്തിട്ടുണ്ടോ?
കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടോ?
ഒരു പെണ്ണിന്‍റെ മുലകളില്‍
ഒളിഞ്ഞു നോക്കുമ്പോഴോ
ഉറ്റു നോക്കുമ്പോഴോ
അര്‍ബുദം ബാധിച്ച മുലകളെ ഓര്‍ത്തിട്ടുണ്ടോ?
കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടോ?
Friday, October 17, 2008
സുരതം നഷ്ടപ്പെട്ടവര്‍
പറഞ്ഞ് വന്നത്-
സുനാമിയില്‍
ജീവനും സ്വത്തും നഷ്ടപ്പെട്ടവരെക്കുറിച്ചല്ല
ബോംബ് പൊട്ടി
തല വേറെ കാല് വേറെയെന്ന് കിടന്നവരെക്കുറിച്ചല്ല
വിമാനക്കമ്പനി
തലയെണ്ണി പിരിച്ചു വിട്ടവരുടെ കുടുംബത്തെക്കുറിച്ചല്ല
ആഫ്രിക്കയിലെ പട്ടിണിയെക്കുറിച്ചല്ല
അമേരിക്കന്‍ ഓഹരിവിപണിയെക്കുറിച്ചുമല്ല,
പെടാപ്പാട് പെട്ടൊരു
ബലാത്സംഗരംഗമഭിനയിക്കാനുള്ള ശ്രമത്തിനിടയില്‍
ഒരു നിമിഷംഅഭിനയത്തെ ജീവിതമായി വിചാരിച്ച
യുവനടിയുടെ കൈയിലെ കത്തി വീശിക്കൊണ്ട്
ലിംഗം മുറിഞ്ഞാശുപത്രിയിലായ വില്ലനെക്കുറിച്ചല്ല
അത് കണ്ടവളെ രക്ഷിക്കാന്‍ മറന്ന്
തല കറങ്ങി വീണ നായകനെക്കുറിച്ചല്ല
കട്ട് പറയാന്‍ മറന്ന്
വാ പൊളിച്ച് നിന്ന സംവിധായകനെക്കുറിച്ചല്ല
ഫിലിം ചുമ്മാ വേസ്റ്റായ ടെന്‍ഷനില്‍
സിഗററ്റ് പുകച്ചു തള്ളുന്ന നിര്‍മ്മാതാവിനെക്കുറിച്ചല്ല
ലോക്കപ്പില്‍ ക്യാമറാഫോണിന് മുന്‍പില്‍
പകച്ച് നില്‍ക്കുന്ന സുന്ദരിയായ നടിയെക്കുറിച്ചുമല്ല,
പൂര്‍ത്തിയാകാത്തൊരു ബലാത്സംഗരംഗം കാരണം
ഇരുട്ടില്‍ ഉദ്ധാരണം നഷ്ടപ്പെട്ട
പാവം പ്രേഷകരെക്കുറിച്ച് മാത്രമാണെനിക്കുത്കണ്ഠ.
-ഒരു അരാഷ്ടീയപ്രസംഗത്തില്‍ നിന്ന്.
സുനാമിയില്‍
ജീവനും സ്വത്തും നഷ്ടപ്പെട്ടവരെക്കുറിച്ചല്ല
ബോംബ് പൊട്ടി
തല വേറെ കാല് വേറെയെന്ന് കിടന്നവരെക്കുറിച്ചല്ല
വിമാനക്കമ്പനി
തലയെണ്ണി പിരിച്ചു വിട്ടവരുടെ കുടുംബത്തെക്കുറിച്ചല്ല
ആഫ്രിക്കയിലെ പട്ടിണിയെക്കുറിച്ചല്ല
അമേരിക്കന്‍ ഓഹരിവിപണിയെക്കുറിച്ചുമല്ല,
പെടാപ്പാട് പെട്ടൊരു
ബലാത്സംഗരംഗമഭിനയിക്കാനുള്ള ശ്രമത്തിനിടയില്‍
ഒരു നിമിഷംഅഭിനയത്തെ ജീവിതമായി വിചാരിച്ച
യുവനടിയുടെ കൈയിലെ കത്തി വീശിക്കൊണ്ട്
ലിംഗം മുറിഞ്ഞാശുപത്രിയിലായ വില്ലനെക്കുറിച്ചല്ല
അത് കണ്ടവളെ രക്ഷിക്കാന്‍ മറന്ന്
തല കറങ്ങി വീണ നായകനെക്കുറിച്ചല്ല
കട്ട് പറയാന്‍ മറന്ന്
വാ പൊളിച്ച് നിന്ന സംവിധായകനെക്കുറിച്ചല്ല
ഫിലിം ചുമ്മാ വേസ്റ്റായ ടെന്‍ഷനില്‍
സിഗററ്റ് പുകച്ചു തള്ളുന്ന നിര്‍മ്മാതാവിനെക്കുറിച്ചല്ല
ലോക്കപ്പില്‍ ക്യാമറാഫോണിന് മുന്‍പില്‍
പകച്ച് നില്‍ക്കുന്ന സുന്ദരിയായ നടിയെക്കുറിച്ചുമല്ല,
പൂര്‍ത്തിയാകാത്തൊരു ബലാത്സംഗരംഗം കാരണം
ഇരുട്ടില്‍ ഉദ്ധാരണം നഷ്ടപ്പെട്ട
പാവം പ്രേഷകരെക്കുറിച്ച് മാത്രമാണെനിക്കുത്കണ്ഠ.
-ഒരു അരാഷ്ടീയപ്രസംഗത്തില്‍ നിന്ന്.
Tuesday, August 12, 2008
പാനീയം
എല്ലാം നന്നായി ചേരണം
നന്നായി തിളയ്ക്കണം
കുറുകണമൊന്നുമധികം വയ്ക്കാതെ
നന്നായിളക്കി പതയ്ക്കണം
തുളുമ്പി; തുളുമ്പിയില്ലായെന്ന് നിറയ്ക്കണം
തുളുമ്പാതെ കുടിച്ചാലും
തുളുമ്പി തുളുമ്പിയെല്ലായിടത്തും
കറ പടര്‍ത്തണം
അലക്കി നോക്കിയാലും പോകരുത്
ചിലപ്പോള്‍
ഒന്നും നന്നായി ചേരില്ല
നന്നായി തിളയ്ക്കില്ല
കൂടുതല്‍ തിളച്ചെന്നും വരും
കുറുകില്ല; പതയില്ല
ഒഴിക്കുമ്പോഴേ തുളുമ്പിയൊഴുകി
കുടിക്കാനധികം കാണില്ല
പക്ഷേ കുടിച്ചിടമെരിച്ച്
ദ്രവിച്ച്...
നന്നായി തിളയ്ക്കണം
കുറുകണമൊന്നുമധികം വയ്ക്കാതെ
നന്നായിളക്കി പതയ്ക്കണം
തുളുമ്പി; തുളുമ്പിയില്ലായെന്ന് നിറയ്ക്കണം
തുളുമ്പാതെ കുടിച്ചാലും
തുളുമ്പി തുളുമ്പിയെല്ലായിടത്തും
കറ പടര്‍ത്തണം
അലക്കി നോക്കിയാലും പോകരുത്
ചിലപ്പോള്‍
ഒന്നും നന്നായി ചേരില്ല
നന്നായി തിളയ്ക്കില്ല
കൂടുതല്‍ തിളച്ചെന്നും വരും
കുറുകില്ല; പതയില്ല
ഒഴിക്കുമ്പോഴേ തുളുമ്പിയൊഴുകി
കുടിക്കാനധികം കാണില്ല
പക്ഷേ കുടിച്ചിടമെരിച്ച്
ദ്രവിച്ച്...
Monday, July 14, 2008
വട്ടപ്പൂജ്യമേ
പൂജ്യമേ
നിന്നെ നിന്നാലേ തന്നെ
കൂട്ടിയും കുറച്ചും
ഗുണിച്ചും ഹരിച്ചും
നിന്നെയൊരൊന്നാക്കാന്‍
ഞാനെത്ര പണിപ്പെട്ടു.
എന്നിട്ടുമെവിടെയോ കിടന്ന
ഒന്നിനെയെടുത്ത്
കൂട്ടേണ്ടി വന്നല്ലോ
നിന്നെയൊരൊന്നാക്കാനും
ഒരു വഴിക്കാക്കാനും.
ഒരു വഴിക്കാക്കാനും.
ഒന്നേ
നിന്നോട് തന്നെ
ഒന്നുകള്‍ കൂടുമ്പോള്‍
എവിടെയോ
ചുമ്മാ കൊഴിഞ്ഞ് പോകുന്ന
ചുമ്മാ കൊഴിഞ്ഞ് പോകുന്ന
നഷ്ടമാണല്ലോ
കൂട്ടിക്കൂട്ടി
കുറഞ്ഞു കുറഞ്ഞു പോകുന്ന
നീയും.
കൂട്ടിക്കൂട്ടി
കുറഞ്ഞു കുറഞ്ഞു പോകുന്ന
Sunday, July 6, 2008
വിടന്‍റെ വക്കീല്‍
സ്ത്രീയേ
ഞാനല്ലുത്തരവാദി
എന്‍റേത് വെറും
ജൈവികമായൊരാവശ്യമാണ്‍
അടുത്ത തവണത്തേക്ക്
സജ്ജമാകും വരെ
എനിക്കു തന്നെ
ഇഷ്ട്മില്ലാത്തൊരാവശ്യം.
നീ, നീ തന്നെയാണ്‍
എന്നെ ഭയന്നേതു നേരവും
തലയിലുദ്ധരിച്ച ലിംഗവും പേറി
അതിന്‍റെ പുഴുക്കുത്തും പേന്‍കടിയും കൊണ്ട്
ഭ്രാന്തെടുത്ത് നടക്കുന്നത്.
ഇനിയുമെന്നെ ഞരമ്പുരോഗിയെന്ന്‍
വിളിക്കാനാണ്‍ നിനക്കിഷ്ടമെങ്കില്‍;
കഷ്ടം തന്നെ പെണ്ണേ!
ഞാനല്ലുത്തരവാദി
എന്‍റേത് വെറും
ജൈവികമായൊരാവശ്യമാണ്‍
അടുത്ത തവണത്തേക്ക്
സജ്ജമാകും വരെ
എനിക്കു തന്നെ
ഇഷ്ട്മില്ലാത്തൊരാവശ്യം.
നീ, നീ തന്നെയാണ്‍
എന്നെ ഭയന്നേതു നേരവും
തലയിലുദ്ധരിച്ച ലിംഗവും പേറി
അതിന്‍റെ പുഴുക്കുത്തും പേന്‍കടിയും കൊണ്ട്
ഭ്രാന്തെടുത്ത് നടക്കുന്നത്.
ഇനിയുമെന്നെ ഞരമ്പുരോഗിയെന്ന്‍
വിളിക്കാനാണ്‍ നിനക്കിഷ്ടമെങ്കില്‍;
കഷ്ടം തന്നെ പെണ്ണേ!
Monday, June 30, 2008
ജലമരണം
ചേറിന്‍റെ ചൊവയുള്ള വെള്ളം
വായും മൂക്കുമടച്ചപ്പോള്‍
ഒന്നാം കുമിളയില്‍ പൊട്ടിയത്
പറഞ്ഞു പറഞ്ഞു പാട്ടായൊരു
പൊട്ടക്കഥ
രണ്ടാം കുമിള പറഞ്ഞത്
ദൈവമേ നിന്നെയിനിയാരു
പോറ്റുമെന്ന്
മൂന്നാം കുമിള....
കപ്പയ്ക്ക് മൂട് കെളയ്ക്കണ
ഗോപാലപിള്ളേച്ചനും
മിണ്ടാട്ടമില്ലാതെ ബീഡി തെറുക്ക്ണ
ഭാസ്ക്കരന്‍ ചേട്ടനും
തെങ്ങേല്‍ നടന്ന് കയ്‌റണ
ഗോപ്യേട്ടനും
കലഹിച്ച് കലഹിച്ച് നടക്ക്ണ
പട്ടാളം ചെല്ലമ്മ്യേച്ചിയും
പെണ്ണും പയ്യും ക്ടാവും
എല്ലാരുമെല്ലാരും പറഞ്ഞ്
ഓന്‍ പോണേ പോട്ട്
ഭൂമിക്ക് ഭാരമൊഴിഞ്ഞ്
പാതിരാസമയം
ചൂണ്ടയിട്ട്
മീന്‍ കൊത്തി
നില തെറ്റി
അങ്ങനെ പറ്റീതാണ്‍
മൂന്നാം കുമിള പൊട്ടീല്ല
കണ്ണ് തുറിച്ച്
വയറ് വീര്‍ത്ത്
മീന്‍ കൊത്തി
ചീഞ്ഞളിഞ്ഞ്
പകുതി പൊങ്ങിയൊഴുകി നടക്കണ്‌ണ്ടിപ്പ്‌ളും
ശവങ്ങള്‍
ശല്യങ്ങള്‍
വായും മൂക്കുമടച്ചപ്പോള്‍
ഒന്നാം കുമിളയില്‍ പൊട്ടിയത്
പറഞ്ഞു പറഞ്ഞു പാട്ടായൊരു
പൊട്ടക്കഥ
രണ്ടാം കുമിള പറഞ്ഞത്
ദൈവമേ നിന്നെയിനിയാരു
പോറ്റുമെന്ന്
മൂന്നാം കുമിള....
കപ്പയ്ക്ക് മൂട് കെളയ്ക്കണ
ഗോപാലപിള്ളേച്ചനും
മിണ്ടാട്ടമില്ലാതെ ബീഡി തെറുക്ക്ണ
ഭാസ്ക്കരന്‍ ചേട്ടനും
തെങ്ങേല്‍ നടന്ന് കയ്‌റണ
ഗോപ്യേട്ടനും
കലഹിച്ച് കലഹിച്ച് നടക്ക്ണ
പട്ടാളം ചെല്ലമ്മ്യേച്ചിയും
പെണ്ണും പയ്യും ക്ടാവും
എല്ലാരുമെല്ലാരും പറഞ്ഞ്
ഓന്‍ പോണേ പോട്ട്
ഭൂമിക്ക് ഭാരമൊഴിഞ്ഞ്
പാതിരാസമയം
ചൂണ്ടയിട്ട്
മീന്‍ കൊത്തി
നില തെറ്റി
അങ്ങനെ പറ്റീതാണ്‍
മൂന്നാം കുമിള പൊട്ടീല്ല
കണ്ണ് തുറിച്ച്
വയറ് വീര്‍ത്ത്
മീന്‍ കൊത്തി
ചീഞ്ഞളിഞ്ഞ്
പകുതി പൊങ്ങിയൊഴുകി നടക്കണ്‌ണ്ടിപ്പ്‌ളും
ശവങ്ങള്‍
ശല്യങ്ങള്‍
Sunday, June 29, 2008
തെരുവില്‍ നിന്ന് അപ്രത്യക്ഷമായ നഗരം
കവിതയൊന്നും വരുന്നില്ല
വന്നത് കുറച്ച് പൊടിപടലങ്ങള്‍
അഴുക്കുവണ്ടിയുടെ വിളികള്‍
പോയത്
വൈകുന്നേരമഞ്ചരയ്ക്ക്
നാവ് തണുപ്പിക്കുന്ന രുചികളും
പതിവിന്‍റെ പുഞ്ചിരിയും
കുഴഞ്ഞ് കൂട്ടു കൂടി നടക്കുമ്പോള്‍
ഇരുട്ടില്‍ മൂത്രമണമുള്ള മതില്‍ ചേര്‍ന്ന്
വിശപ്പിന്‍റെ നോട്ടമെറിയുന്ന നിഴലും
നനഞ്ഞു കെട്ട വഴിവിളക്കുകളും
മണങ്ങളും രുചികളും കാറ്റും വെളിച്ചവും
വിലക്കിയൊരു നഗരത്തില്‍
അഴുക്ക് ചാലില്‍ ഒരു കവിത
വീണൊഴുകി പോയാലെന്താണ്‍?
വന്നത് കുറച്ച് പൊടിപടലങ്ങള്‍
അഴുക്കുവണ്ടിയുടെ വിളികള്‍
പോയത്
വൈകുന്നേരമഞ്ചരയ്ക്ക്
നാവ് തണുപ്പിക്കുന്ന രുചികളും
പതിവിന്‍റെ പുഞ്ചിരിയും
കുഴഞ്ഞ് കൂട്ടു കൂടി നടക്കുമ്പോള്‍
ഇരുട്ടില്‍ മൂത്രമണമുള്ള മതില്‍ ചേര്‍ന്ന്
വിശപ്പിന്‍റെ നോട്ടമെറിയുന്ന നിഴലും
നനഞ്ഞു കെട്ട വഴിവിളക്കുകളും
മണങ്ങളും രുചികളും കാറ്റും വെളിച്ചവും
വിലക്കിയൊരു നഗരത്തില്‍
അഴുക്ക് ചാലില്‍ ഒരു കവിത
വീണൊഴുകി പോയാലെന്താണ്‍?
Sunday, June 8, 2008
പണ്ടെങ്ങാനും പറഞ്ഞു കേട്ടിരുന്നത്
ഉവ്വ്
മെല്ലെ മുകളിലേക്ക്
തഴച്ച് വളരാനീ-
ക്കുഞ്ഞ് കുരുന്നുകള്‍
വേരുകള്‍ നീട്ടി-
പ്പരതിയുറപ്പിക്കുന്നത്
എല്ലുകളൂര്‍ന്ന്
ഈര്‍പ്പമുറങ്ങുന്ന
പഴഞ്ചന്‍ ഫോസില്‍ കിടക്കകളില്‍
അമ്പിളിയാകാശം കണ്ട്
മാമുണ്ട് വളരുന്നത്
പണ്ടെങ്ങോ
വിഷം കുടിച്ച് മരിച്ച
ചില അമ്മമാരുടെ
മടിത്തട്ടില്‍
കരി പുരണ്ട
രാവിന്‍റെയുഷ്ണത്തില്‍
തല കുമ്പിട്ട്
പൂത്തു വാടിയ
പൂക്കളെക്കൊഴിക്കുമ്പോള്‍
വിയര്‍പ്പാറ്റാന് വീശുന്നത്
കഥ പറഞ്ഞുറക്കിയിട്ടപ്പുറം
അടിവയറിന്റെ ക്രൌര്യങ്ങളില്‍
തിണര്‍ക്കുന്ന ബലിയുടെ
അസ്വസ്ഥനിശ്വാസങ്ങള്‍
ഒടുവില്‍
തൊലിയുരിഞ്ഞ്
അടരടര്‍ന്ന്
തല തകര്‍ന്ന് വീഴുമ്പോള്‍
കേള്‍ക്കാം
ഭാവിയുടെ ഫോസിലുകള്‍
ജീര്‍ണ്ണതയുടെ ഭാഷയില്‍
ജൈവവ്യവസ്ഥയുടെ
പുതിയോരിതിഹാസം വായിക്കുന്നത്
എല്ലാമപ്പോഴേക്കും
ഒരു നുണക്കഥയായാല്‍ മതിയായിരുന്നു.
മെല്ലെ മുകളിലേക്ക്
തഴച്ച് വളരാനീ-
ക്കുഞ്ഞ് കുരുന്നുകള്‍
വേരുകള്‍ നീട്ടി-
പ്പരതിയുറപ്പിക്കുന്നത്
എല്ലുകളൂര്‍ന്ന്
ഈര്‍പ്പമുറങ്ങുന്ന
പഴഞ്ചന്‍ ഫോസില്‍ കിടക്കകളില്‍
അമ്പിളിയാകാശം കണ്ട്
മാമുണ്ട് വളരുന്നത്
പണ്ടെങ്ങോ
വിഷം കുടിച്ച് മരിച്ച
ചില അമ്മമാരുടെ
മടിത്തട്ടില്‍
കരി പുരണ്ട
രാവിന്‍റെയുഷ്ണത്തില്‍
തല കുമ്പിട്ട്
പൂത്തു വാടിയ
പൂക്കളെക്കൊഴിക്കുമ്പോള്‍
വിയര്‍പ്പാറ്റാന് വീശുന്നത്
കഥ പറഞ്ഞുറക്കിയിട്ടപ്പുറം
അടിവയറിന്റെ ക്രൌര്യങ്ങളില്‍
തിണര്‍ക്കുന്ന ബലിയുടെ
അസ്വസ്ഥനിശ്വാസങ്ങള്‍
ഒടുവില്‍
തൊലിയുരിഞ്ഞ്
അടരടര്‍ന്ന്
തല തകര്‍ന്ന് വീഴുമ്പോള്‍
കേള്‍ക്കാം
ഭാവിയുടെ ഫോസിലുകള്‍
ജീര്‍ണ്ണതയുടെ ഭാഷയില്‍
ജൈവവ്യവസ്ഥയുടെ
പുതിയോരിതിഹാസം വായിക്കുന്നത്
എല്ലാമപ്പോഴേക്കും
ഒരു നുണക്കഥയായാല്‍ മതിയായിരുന്നു.
Saturday, June 7, 2008
കോഴിയിറച്ചി
കുടുംബത്ത്
ഭരദേവതകള്‍ക്ക്
ഗുരുസി കഴിച്ചിരുന്നത്
കെട്ടു പൊട്ടിപ്പെയ്യാന്‍ വിമ്മുന്ന
കര്‍ക്കിടക വാവിനായിരുന്നു
വല്യച്ഛനുണ്ടായിരുന്നപ്പോള്‍
വെട്ടിയിരുന്നത്
ഉശിരന്‍ പൂവന്‍കോഴിയെ
പിടലിയില്‍ നിന്നും
ചോര ചീറ്റിച്ച്
ഇവിടെപ്പിടഞ്ഞ്
അവിടേക്ക് തെറിച്ച്
ഭരദേവതകളും ഉറഞ്ഞിട്ടുണ്ടാവണം
പാതിരാത്രിക്കുണ്ടാക്കുന്ന
കോഴിക്കറിയും കള്ളും കഴിക്കുമ്പോള്‍
എങ്ങനുണ്ടെടാ പട്ടിക്കുഞ്ഞേന്ന്
വല്യച്ഛന്‍ ചോദിക്കുമായിരുന്നു
ഇപ്പോള്‍ വെട്ടുന്നത് കുമ്പളങ്ങ
ചുണ്ണാമ്പും മഞ്ഞളും
ചുവപ്പ് ഗുരുസി
വല്യച്ഛനിപ്പോള്‍ കുമ്പളങ്ങ മതിയോ ആവോ?
--------------------------------------------------------------
വല്യച്ഛന്‍ മരിച്ചിട്ട് 9 വര്‍ഷം കഴിഞ്ഞു.
ഭരദേവതകള്‍ക്ക്
ഗുരുസി കഴിച്ചിരുന്നത്
കെട്ടു പൊട്ടിപ്പെയ്യാന്‍ വിമ്മുന്ന
കര്‍ക്കിടക വാവിനായിരുന്നു
വല്യച്ഛനുണ്ടായിരുന്നപ്പോള്‍
വെട്ടിയിരുന്നത്
ഉശിരന്‍ പൂവന്‍കോഴിയെ
പിടലിയില്‍ നിന്നും
ചോര ചീറ്റിച്ച്
ഇവിടെപ്പിടഞ്ഞ്
അവിടേക്ക് തെറിച്ച്
ഭരദേവതകളും ഉറഞ്ഞിട്ടുണ്ടാവണം
പാതിരാത്രിക്കുണ്ടാക്കുന്ന
കോഴിക്കറിയും കള്ളും കഴിക്കുമ്പോള്‍
എങ്ങനുണ്ടെടാ പട്ടിക്കുഞ്ഞേന്ന്
വല്യച്ഛന്‍ ചോദിക്കുമായിരുന്നു
ഇപ്പോള്‍ വെട്ടുന്നത് കുമ്പളങ്ങ
ചുണ്ണാമ്പും മഞ്ഞളും
ചുവപ്പ് ഗുരുസി
വല്യച്ഛനിപ്പോള്‍ കുമ്പളങ്ങ മതിയോ ആവോ?
--------------------------------------------------------------
വല്യച്ഛന്‍ മരിച്ചിട്ട് 9 വര്‍ഷം കഴിഞ്ഞു.
Thursday, May 22, 2008
മൈര്
മറ്റൊന്നുമല്ല
എന്‍റെ മുടി അവിടിവിടെ
നരയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു
ഭാഗ്യനരയെന്നും
ബുദ്ധിയുടെ ലക്ഷണമെന്നും
ചിന്തയുടെ ആധിക്യമെന്നും
പല പല വ്യാഖ്യാനങ്ങള്‍
ആരെന്നാ പറഞ്ഞാലും
നരയ്ക്കുന്നതെന്‍റെ മുടിയല്ലേ
മൈര്
എന്റെ മുടി അവിടിവിടെ
നരയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു
ഭാഗ്യനരയെന്നും
ബുദ്ധിയുടെ ലക്ഷണമെന്നും
ചിന്തയുടെ ആധിക്യമെന്നും
പല പല വ്യാഖ്യാനങ്ങള്‍
ആരെന്നാ പറഞ്ഞാലും
നരയ്ക്കുന്നതെന്‍റെ മുടിയല്ലേ
മൈര്
Thursday, May 8, 2008
പ്രണയം ഒരു ബോറന്‍ ഫ്രെയിം
പ്രണയമേ
നീ വരൂ
നമുക്കീ പളുങ്ക് കൊട്ടാരങ്ങള്‍
ഒന്നൊഴിയാതെ തച്ചുടയ്ക്കാം
ഗന്ധകം മണക്കുന്ന പൂന്തോട്ടങ്ങള്‍
തീ കൊടുത്തു രസിക്കാം
സ്വസ്ഥതയുടെ താഴ്വാരങ്ങള്‍
ഓരോ പിടി മണ്ണു കൊണ്ടു നിറയ്ക്കാം
പ്രണയമേ
പറഞ്ഞാലുമെഴുതിയാലും തീരാത്ത
നൊമ്പരങ്ങളുടെ അസമവാക്യമേ
പുളയുന്ന ഉടലുകളില്‍
നാഗങ്ങള്‍ പൂക്കുമ്പോള്‍
നാഭികള്‍ ചുറ്റി
കിതപ്പുകളുരഗസഞ്ചാരം ചെയ്യുമ്പോള്‍
വല പൊട്ടിയൊരു ചിലന്തിയൂര്‍ന്ന്
നെഞ്ചുകളില്‍ കൂടു കൂട്ടുമ്പോള്‍
വിഷലിപ്തമാത്രകളില്‍
നീ പെറ്റ കുഞ്ഞുങ്ങളെ
നീ തന്നെ തിന്നു കൂട്ടുമ്പോള്‍
പ്രണയമേ
വെറുത്തിഷ്ട്പ്പെട്ടു പോകുന്ന
പ്രാണന്‍റെ നിര്‍ധാരണമൂല്യമേ
നീ വരൂ
നമുക്കീ ജീവന്‍റെ
ചന്ദന വാതിലടച്ചിടാം
നീര്‍വറ്റി വരളുമ്പോള്‍
പിരിയുന്ന സങ്കടങ്ങളാകാം
ഇരുദിക്കിലും തിരിയുന്ന കാറ്റിന്‍റെ ചില്ലകളിലെ
ഇരുളില്‍ കരയുന്ന മൌനങ്ങളാകാം
പ്രണയമേ
നീ വരൂ
നമുക്കീ പളുങ്ക് കൊട്ടാരങ്ങള്‍
ഒന്നൊഴിയാതെ തച്ചുടയ്ക്കാം
ഗന്ധകം മണക്കുന്ന പൂന്തോട്ടങ്ങള്‍
തീ കൊടുത്തു രസിക്കാം
സ്വസ്ഥതയുടെ താഴ്വാരങ്ങള്‍
ഓരോ പിടി മണ്ണു കൊണ്ടു നിറയ്ക്കാം
പ്രണയമേ
പറഞ്ഞാലുമെഴുതിയാലും തീരാത്ത
നൊമ്പരങ്ങളുടെ അസമവാക്യമേ
പുളയുന്ന ഉടലുകളില്‍
നാഗങ്ങള്‍ പൂക്കുമ്പോള്‍
നാഭികള്‍ ചുറ്റി
കിതപ്പുകളുരഗസഞ്ചാരം ചെയ്യുമ്പോള്‍
വല പൊട്ടിയൊരു ചിലന്തിയൂര്‍ന്ന്
നെഞ്ചുകളില്‍ കൂടു കൂട്ടുമ്പോള്‍
വിഷലിപ്തമാത്രകളില്‍
നീ പെറ്റ കുഞ്ഞുങ്ങളെ
നീ തന്നെ തിന്നു കൂട്ടുമ്പോള്‍
പ്രണയമേ
വെറുത്തിഷ്ട്പ്പെട്ടു പോകുന്ന
പ്രാണന്‍റെ നിര്‍ധാരണമൂല്യമേ
നീ വരൂ
നമുക്കീ ജീവന്‍റെ
ചന്ദന വാതിലടച്ചിടാം
നീര്‍വറ്റി വരളുമ്പോള്‍
പിരിയുന്ന സങ്കടങ്ങളാകാം
ഇരുദിക്കിലും തിരിയുന്ന കാറ്റിന്‍റെ ചില്ലകളിലെ
ഇരുളില്‍ കരയുന്ന മൌനങ്ങളാകാം
പ്രണയമേ
Tuesday, May 6, 2008
ജീ, മ
ജീവിതം:
എങ്ങിനെയെങ്കിലും ഒന്നു മരിച്ചു കിട്ടിയാല്‍ മതിയായിരുന്നു.
മരണം:
ഇനിയെങ്കിലും ഒന്നു ജീവിച്ചു കണ്ടാല്‍ മതിയായിരുന്നു.
എങ്ങിനെയെങ്കിലും ഒന്നു മരിച്ചു കിട്ടിയാല്‍ മതിയായിരുന്നു.
മരണം:
ഇനിയെങ്കിലും ഒന്നു ജീവിച്ചു കണ്ടാല്‍ മതിയായിരുന്നു.
Saturday, April 12, 2008
Wednesday, April 2, 2008
നൊസ്സ്
;
ഭ്രാന്തിന്‍റെ ചികിത്സയിലായിരുന്നു.
കുറെ നാള്‍
ലെനിനായിരുന്നു,
പിന്നെ
ബൊളീവിയന്‍ കാടുകളുടെ
നെഞ്ചെരിച്ച
ഒരു വെടിയുണ്ട,
യിപ്‌ഹോങ്ങ് റെസ്റ്റോറന്‍റിലെ
സോസിട്ടു വച്ച
ചൈനീസ് മത്സ്യം,
കുന്നോളമുള്ള കുഴിയില്‍
കല്‍ക്കരി വാരുന്നവന്‍റെ
ചെറുതുകല്‍സഞ്ചിയിലെ
മൂലധനം
എന്നിലേക്ക് മാത്രം
കടന്ന്
ഞാന്‍ ഞാനെന്ന് തന്നെ
ഉറപ്പിച്ചപ്പോഴാണ്
മൂര്‍ച്ഛിച്ചെന്ന്
വിധിയെഴുത്ത് വന്നത്
ഇരുമ്പ് കൂട്ടില്‍
തഴച്ച
ബൊളീവിയന്‍ മരങ്ങള്‍
വെറ്റിലക്കറ കാട്ടി
ചിരിച്ച
കുറെ നാള്‍
ലെനിനായിരുന്നു,
പിന്നെ
ബൊളീവിയന്‍ കാടുകളുടെ
നെഞ്ചെരിച്ച
ഒരു വെടിയുണ്ട,
യിപ്‌ഹോങ്ങ് റെസ്റ്റോറന്‍റിലെ
സോസിട്ടു വച്ച
ചൈനീസ് മത്സ്യം,
കുന്നോളമുള്ള കുഴിയില്‍
കല്‍ക്കരി വാരുന്നവന്‍റെ
ചെറുതുകല്‍സഞ്ചിയിലെ
മൂലധനം
എന്നിലേക്ക് മാത്രം
കടന്ന്
ഞാന്‍ ഞാനെന്ന് തന്നെ
ഉറപ്പിച്ചപ്പോഴാണ്
മൂര്‍ച്ഛിച്ചെന്ന്
വിധിയെഴുത്ത് വന്നത്
ഇരുമ്പ് കൂട്ടില്‍
തഴച്ച
ബൊളീവിയന്‍ മരങ്ങള്‍
വെറ്റിലക്കറ കാട്ടി
ചിരിച്ച
ചെമന്ന ബ്ലൌസിട്ട
നെല്ല് മെതിക്കുന്ന
യന്ത്രങ്ങള്
വിയര്‍ത്തും നനഞ്ഞും
മുറിക്കോണിലെ
ദ്വാരങ്ങള്‍
നോക്കിപ്പോയ
വിപ്ലവങ്ങള്‍
നെല്ല് മെതിക്കുന്ന
യന്ത്രങ്ങള്
വിയര്‍ത്തും നനഞ്ഞും
മുറിക്കോണിലെ
ദ്വാരങ്ങള്‍
നോക്കിപ്പോയ
വിപ്ലവങ്ങള്‍
പാതകത്തിണ്ണയിലെയൊരരിവാളോ
ചന്ദ്രനില്ലാത്തൊരാകാശമോ
കുശിനിപ്പുരയിലെയൊരു ചുറ്റികയോ
കണ്ണുകളെ ചുവപ്പിക്കുന്നില്ലെന്ന് തോന്നുന്നു
കടല്‍ കുടിച്ചത്ര
വൈദ്യുതി
ചന്ദ്രനില്ലാത്തൊരാകാശമോ
കുശിനിപ്പുരയിലെയൊരു ചുറ്റികയോ
കണ്ണുകളെ ചുവപ്പിക്കുന്നില്ലെന്ന് തോന്നുന്നു
കടല്‍ കുടിച്ചത്ര
വൈദ്യുതി
തൊട്ടു മറിച്ചിട്ട് കടന്നാലും
അറിയാതെയെങ്കിലും
അമ്മേന്ന് മാത്രമാണല്ലോ
ഉള്ളിലലയ്ക്കുന്നത്
അറിയാതെയെങ്കിലും
അമ്മേന്ന് മാത്രമാണല്ലോ
ഉള്ളിലലയ്ക്കുന്നത്
കണ്ണ് ഞെരടിപ്പൊടിച്ചിട്ടും
കരയാനറിയാത്തവനേ
കരള്‍ മുറിച്ച് കരിങ്കല്ല്
പണിതവനേ
കരയാനറിയാത്തവനേ
കരള്‍ മുറിച്ച് കരിങ്കല്ല്
പണിതവനേ
Sunday, March 30, 2008
ബ്ലാങ്ക്
എനിക്ക്
കോടിയുടുക്കാനുള്ള
വെളുത്ത കുപ്പായമലക്കാന്‍
ചാക്കാലപ്പെണ്ണിന്‍റെ
വിരല്‍ തൊട്ടു
കൈ മാറിയതിന്നാണ്‍.
രാത്രിയൊരു
മഷിത്തണ്ട് കണക്കേ
വാര്‍ന്ന കിടക്കയില്‍
ഉടല്‍ പിടഞ്ഞോരാ-
ത്മരതി കഴിഞ്ഞ
തളര്‍ വീഴ്ചയിലാണ്‍
അവളുടെ മുഖത്ത് പകര്‍ന്ന
ഭാവം ഭാവമല്ലായിരുന്നുവെന്ന്
ശൂന്യമാകാന്‍ പോകുന്ന
അടുത്ത നിമിഷത്തിന്‍റെ
സാക്ഷി മൊഴിയില്‍
ഞാന്‍ കേട്ടത്.
വിഴുപ്പലക്കിയലക്കി
വെളുത്തില്ലാതായ്പ്പോയൊരു
കുപ്പായമേ
കോടിയുടുക്കാനുള്ള
വെളുത്ത കുപ്പായമലക്കാന്‍
ചാക്കാലപ്പെണ്ണിന്‍റെ
വിരല്‍ തൊട്ടു
കൈ മാറിയതിന്നാണ്‍.
രാത്രിയൊരു
മഷിത്തണ്ട് കണക്കേ
വാര്‍ന്ന കിടക്കയില്‍
ഉടല്‍ പിടഞ്ഞോരാ-
ത്മരതി കഴിഞ്ഞ
തളര്‍ വീഴ്ചയിലാണ്‍
അവളുടെ മുഖത്ത് പകര്‍ന്ന
ഭാവം ഭാവമല്ലായിരുന്നുവെന്ന്
ശൂന്യമാകാന്‍ പോകുന്ന
അടുത്ത നിമിഷത്തിന്‍റെ
സാക്ഷി മൊഴിയില്‍
ഞാന്‍ കേട്ടത്.
വിഴുപ്പലക്കിയലക്കി
വെളുത്തില്ലാതായ്പ്പോയൊരു
കുപ്പായമേ
വൈദ്യര്‍
വൈദ്യര്‍
പേര്‍ കേട്ട ജോത്സ്യര്‍ ആണ്‍
പുലരെ കുളിച്ച്
കവിടിയുടെ വടിവില്‍
പരല്‍പ്പേരുകള്‍ ഗണിച്ച്
ശ്ലോകമാത്രകളില്‍
ഭാവിയുടെയാശ്വാസങ്ങളെ
വാര്‍ത്തെടുക്കുന്നയാള്‍ ആണ്‍.
വൈദ്യര്‍
അമ്പലത്തില്‍ പോകാത്ത
പാര്‍ട്ടിയുടെയാദ്യകാല അംഗമാണ്‍
ചുമച്ച് ക്ഷയിച്ച് കിടന്നപ്പോഴും
വാസേവാ നമ്മുടെ
പാര്‍ട്ടിക്ക് തന്നെ കുത്തണെ
എന്ന് പറഞ്ഞ്
ബൂത്തില്‍ പോയിരുന്നയാളാണ്‍.
മൂത്ത മകന്‍ മൃഗഡോക്ടര്‍
കമ്യൂണിസ്റ്റായത് കൊണ്ട്
അമ്പലത്തില്‍ക്കയറില്ലായെന്ന്
വാശി പിടിച്ചപ്പോള്‍
സാരമില്ല
അവനുമെന്നെപ്പോലെ
നാവ് കൊണ്ട് പേരെടുക്കുമെന്ന്
പ്രവചിച്ചയാളാണ്‍
(മകനിപ്പോള്‍
അച്ഛന്‍റെ ചിത്രം
കണ്ട് തൊഴുതിട്ടേ
കവിടി തൊടാറുള്ളൂ).
ഞാന്‍ പഠിച്ച് മിടുക്കനായി
ഡോക്ടറാകുമെന്ന്
ഗ്രഹനില നോക്കിപ്പറഞ്ഞയാളാണ്‍.
ലേഹ്യമുരുളിയില്‍ നിന്നു
പകര്‍ന്ന് കഴിഞ്ഞ്
മിച്ചം തോണ്ടി
നാവില്‍ വച്ചു തന്ന്
ഇന്നാടാ പട്ടിക്കണ്ടായെന്ന്
പല്ലില്ലാത്ത ചിരി ചിരിക്കുന്നയാ
വൈദ്യര്‍
എന്‌റെ വല്യച്ഛനായിരുന്നു.*
വല്യച്ഛന്‍റെ പ്രവചനവും
അച്ഛന്‍റെ മോഹവും
ഒന്നു തന്നെയായിരുന്നോ?
ഞാനൊരു ഡോക്ടറായില്ല.
----------
വല്യച്ഛന്‍ : അച്ഛന്‍റെ അച്ഛന്‍
പേര് കേട്ട ജോത്സ്യര്‍ ആണ്‍
പുലരെ കുളിച്ച്
കവിടിയുടെ വടിവില്‍
പരല്‍പ്പേരുകള്‍ ഗണിച്ച്
ശ്ലോകമാത്രകളില്‍
ഭാവിയുടെയാശ്വാസങ്ങളെ
വാര്‍ത്തെടുക്കുന്നയാള്‍ ആണ്‍.
വൈദ്യര്‍
അമ്പലത്തില്‍ പോകാത്ത
പാര്‍ട്ടിയുടെയാദ്യകാല അംഗമാണ്‍
ചുമച്ച് ക്ഷയിച്ച് കിടന്നപ്പോഴും
വാസേവാ നമ്മുടെ
പാര്‍ട്ടിക്ക് തന്നെ കുത്തണെ
എന്ന് പറഞ്ഞ്
ബൂത്തില്‍ പോയിരുന്നയാളാണ്‍.
മൂത്ത മകന്‍ മൃഗഡോക്ടര്‍
കമ്യൂണിസ്റ്റായത് കൊണ്ട്
അമ്പലത്തില്‍ക്കയറില്ലായെന്ന്
വാശി പിടിച്ചപ്പോള്‍
സാരമില്ല
അവനുമെന്നെപ്പോലെ
നാവ് കൊണ്ട് പേരെടുക്കുമെന്ന്
പ്രവചിച്ചയാളാണ്‍
(മകനിപ്പോള്‍
അച്ഛന്‍റെ ചിത്രം
കണ്ട് തൊഴുതിട്ടേ
കവിടി തൊടാറുള്ളൂ).
ഞാന്‍ പഠിച്ച് മിടുക്കനായി
ഡോക്ടറാകുമെന്ന്
ഗ്രഹനില നോക്കിപ്പറഞ്ഞയാളാണ്‍.
ലേഹ്യമുരുളിയില്‍ നിന്നു
പകര്‍ന്ന് കഴിഞ്ഞ്
മിച്ചം തോണ്ടി
നാവില്‍ വച്ചു തന്ന്
ഇന്നാടാ പട്ടിക്കണ്ടായെന്ന്
പല്ലില്ലാത്ത ചിരി ചിരിക്കുന്നയാ
വൈദ്യര്‍
എന്‌റെ വല്യച്ഛനായിരുന്നു.*
വല്യച്ഛന്‍റെ പ്രവചനവും
അച്ഛന്‍റെ മോഹവും
ഒന്നു തന്നെയായിരുന്നോ?
ഞാനൊരു ഡോക്ടറായില്ല.
----------
വല്യച്ഛന്‍ : അച്ഛന്‍റെ അച്ഛന്‍
Sunday, March 16, 2008
പ്രോഗ്രസ് കാര്ഡ്
അച്ചാലും മുച്ചാലുമെന്നെ
തല്ലല്ലേ മാഷേ
ലോകമഹായുദ്ധമുപന്യസിച്ചു
വന്നപ്പോള്
ചരിത്രത്തിനതിന്റെ
ഭൂമിശാസ്ത്രം തെറ്റിപ്പോയതല്ലേ.
തല്ലല്ലേ മാഷേ
ലോകമഹായുദ്ധമുപന്യസിച്ചു
വന്നപ്പോള്
ചരിത്രത്തിനതിന്റെ
ഭൂമിശാസ്ത്രം തെറ്റിപ്പോയതല്ലേ.
Thursday, March 13, 2008
തിരിഞ്ഞൊഴുകുന്ന ജലം
മണ്ണ് നനഞ്ഞ്
കിടന്നിടത്ത് നിന്ന്
നൂറ് മക്കളെണീറ്റ്
ചെന്നോരോ
കുടങ്ങളുടെ
മറുപിള്ളയില്
സുഷുപ്തിയിലാണ്ടു.
കുഞ്ഞിന്
തനിച്ചൊഴുകാനൊരു
നൌക കെട്ടിയിട്ടമ്മ
സൂര്യന്റെ തിടപ്പള്ളിയിലേക്ക്
തിരിച്ചു നടന്നു.
അറ്റു പോയ
കൈ കൊണ്ടൊരു ശില്പ്പി
വെണ്ണക്കല്ലൊന്ന് മിനുക്കുമ്പോള്
പ്രണയസ്മാരകം കണ്ട്
കണ് നീറിയ
ഭൂപതി
മരിച്ച് പോയ രാജ്ഞിയുടെ
അറവാതില്
അകത്ത് നിന്നുമടച്ചു.
അയ്യത്തിരുന്നു
ഓല മെടഞ്ഞൊരപ്പൂപ്പന്
കോരയുടെ കണ്ടത്തില്
കൊയ്യുന്ന ചെറുമികളെ
നടു നിവര്ത്തിക്കാതെ നിന്ന്
പണിയെടുപ്പിക്കുന്ന
കാര്യസ്ഥനാകാന്
തലയെടുത്ത് നടന്നു പോയി.
ഇന്നും ഇന്നലെയും
കൂടിയെന്നുമിങ്ങനെ
വേഴ്ചയായാല്‍
പാവം നാളെ
പടിക്കു പുറത്തൊരു
വിളിയും കാത്തിരിക്കണമല്ലോ.
കിടന്നിടത്ത് നിന്ന്
നൂറ് മക്കളെണീറ്റ്
ചെന്നോരോ
കുടങ്ങളുടെ
മറുപിള്ളയില്
സുഷുപ്തിയിലാണ്ടു.
കുഞ്ഞിന്
തനിച്ചൊഴുകാനൊരു
നൌക കെട്ടിയിട്ടമ്മ
സൂര്യന്റെ തിടപ്പള്ളിയിലേക്ക്
തിരിച്ചു നടന്നു.
അറ്റു പോയ
കൈ കൊണ്ടൊരു ശില്പ്പി
വെണ്ണക്കല്ലൊന്ന് മിനുക്കുമ്പോള്
പ്രണയസ്മാരകം കണ്ട്
കണ് നീറിയ
ഭൂപതി
മരിച്ച് പോയ രാജ്ഞിയുടെ
അറവാതില്
അകത്ത് നിന്നുമടച്ചു.
അയ്യത്തിരുന്നു
ഓല മെടഞ്ഞൊരപ്പൂപ്പന്
കോരയുടെ കണ്ടത്തില്
കൊയ്യുന്ന ചെറുമികളെ
നടു നിവര്ത്തിക്കാതെ നിന്ന്
പണിയെടുപ്പിക്കുന്ന
കാര്യസ്ഥനാകാന്
തലയെടുത്ത് നടന്നു പോയി.
ഇന്നും ഇന്നലെയും
കൂടിയെന്നുമിങ്ങനെ
വേഴ്ചയായാല്‍
പാവം നാളെ
പടിക്കു പുറത്തൊരു
വിളിയും കാത്തിരിക്കണമല്ലോ.
Thursday, March 6, 2008
പാചകശാല
എന്താണീ ചെമ്പില്,
എന്തൊരു നിറം?
വെട്ടി മുറിക്കപ്പെട്ട
ഹൃദയമാണ് പാകമാകുന്നത്
നല്ല വരട്ടുന്ന മണം വരുന്നുണ്ടല്ലോ?
നീരൊഴുക്കു വറ്റിയ
കണ്ണുകളാണ്
നെയ് കുറച്ചു മതിയല്ലോ
വാര്പ്പില് തിളച്ച് തൂവുന്നല്ലോ?
തവിട് കളഞ്ഞ് പോയ
ജീവിതമാണ്
ഇന്ധനമോ?
ഈ ഞാന് തന്നെയാണ്
തീ തിന്ന് തീ തിന്ന്
വെന്തൊരുങ്ങിയിട്ടിനി
എരി പോരാ പുളി പോരായെന്നൊന്നും
പറഞ്ഞു കളയരുത്
എന്തൊരു നിറം?
വെട്ടി മുറിക്കപ്പെട്ട
ഹൃദയമാണ് പാകമാകുന്നത്
നല്ല വരട്ടുന്ന മണം വരുന്നുണ്ടല്ലോ?
നീരൊഴുക്കു വറ്റിയ
കണ്ണുകളാണ്
നെയ് കുറച്ചു മതിയല്ലോ
വാര്പ്പില് തിളച്ച് തൂവുന്നല്ലോ?
തവിട് കളഞ്ഞ് പോയ
ജീവിതമാണ്
ഇന്ധനമോ?
ഈ ഞാന് തന്നെയാണ്
തീ തിന്ന് തീ തിന്ന്
വെന്തൊരുങ്ങിയിട്ടിനി
എരി പോരാ പുളി പോരായെന്നൊന്നും
പറഞ്ഞു കളയരുത്
Sunday, March 2, 2008
Wednesday, February 27, 2008
ദൈവത്തിന്റെയമ്മേ
പറഞ്ഞാലൊട്ടു കേള്‍ക്കത്തില്ല
കേട്ടാലും കേട്ടില്ലാന്നിരിക്കും
അനുസരണ അയല്പക്കത്തൂടെങ്ങും
പോയിട്ടില്ല
പറഞ്ഞാല്‍ പറഞ്ഞതിനപ്പുറം
ചെയ്യുകയും ചെയ്യും
ദൈവത്തിന്‍റെയമ്മേ
നിന്‍റെ മോനെ
ചൊല്ലും ചോറും കൊടുത്ത്
വളര്‍ത്താത്തതിന്‍റെ
കുഴപ്പങ്ങളാണിതെല്ലാം.
കേട്ടാലും കേട്ടില്ലാന്നിരിക്കും
അനുസരണ അയല്പക്കത്തൂടെങ്ങും
പോയിട്ടില്ല
പറഞ്ഞാല്‍ പറഞ്ഞതിനപ്പുറം
ചെയ്യുകയും ചെയ്യും
ദൈവത്തിന്‍റെയമ്മേ
നിന്‍റെ മോനെ
ചൊല്ലും ചോറും കൊടുത്ത്
വളര്‍ത്താത്തതിന്‍റെ
കുഴപ്പങ്ങളാണിതെല്ലാം.
Monday, February 25, 2008
പനി പനി നന നനയെന്ന്
എല്ലാമെല്ലാം
ഛിദ്രിച്ച് ദ്രവിച്ചല്ലോ
പനി പനി പനിയെന്ന്
കവിത പനിച്ചതല്ലേ
എല്ലാമെല്ലാം
നാമ്പിട്ട് തളിര്ത്തല്ലോ
നന നന നനയെന്ന്
കവിത നനച്ചതല്ലേ
ഛിദ്രിച്ച് ദ്രവിച്ചല്ലോ
പനി പനി പനിയെന്ന്
കവിത പനിച്ചതല്ലേ
എല്ലാമെല്ലാം
നാമ്പിട്ട് തളിര്ത്തല്ലോ
നന നന നനയെന്ന്
കവിത നനച്ചതല്ലേ
Sunday, February 24, 2008
മണ്ണാന്കട്ടയും കരിയിലയും
പുരുഷപക്ഷ രാഷ്ട്രീയം (എന്ന വര്ഗ്ഗീകരണമുണ്ടെന്കില്)
ഒരു കരിയിലയാണെന്കില്
സ്ത്രീപക്ഷ രാഷ്ട്രീയം (എന്ന വര്ഗ്ഗീകരണമുണ്ടെന്കില്)
ഒരു മണ്ണാന്കട്ടയാണ്
ഒരു ഉഭയവര്ഗ്ഗ ജീവി
കിണര് വക്കത്തേക്ക് ചാടി വന്നിരുന്ന്
പോക്രോം പോക്രോം എന്ന് കരഞ്ഞു.
ഒരു കരിയിലയാണെന്കില്
സ്ത്രീപക്ഷ രാഷ്ട്രീയം (എന്ന വര്ഗ്ഗീകരണമുണ്ടെന്കില്)
ഒരു മണ്ണാന്കട്ടയാണ്
ഒരു ഉഭയവര്ഗ്ഗ ജീവി
കിണര് വക്കത്തേക്ക് ചാടി വന്നിരുന്ന്
പോക്രോം പോക്രോം എന്ന് കരഞ്ഞു.
Wednesday, February 20, 2008
തിരക്കഥ

രാവിലെ കടല്പുറത്തൊരാണിന്റെ ശവം
കമഴ്ന്ന് കിടക്കുന്നെന്ന്
അജ്ഞാതശബ്ദം പറഞ്ഞു.
ആഞ്ജലോയ്ക്ക് പോലും
കൈയടങ്ങാത്ത വിധത്തില്
ചുറ്റുമതില്‍ കെട്ടി
വൃത്തത്തിന്റെ സമമിതിയൊത്ത്
ഇതളുകളകത്തേക്ക് കൂമ്പിയൊരു
പുരുഷാരം.
മുറിവിന്റെ വിടവുകളില്
ഉപ്പുവെള്ളം നുരയുന്ന
കറുത്തയൊരുടല്
മലര്ത്തിയിട്ടപ്പോള്
ചുറ്റുമുള്ള മീന്മണങ്ങള്
പിറുപിറുത്തു;
ഡേവിഡ്.
(ഇടവേള ഇവിടെയാകാം)
പ്രാഥമികാന്വേഷണ വിവരം:
ശ്വാസം കിട്ടാതെ മരിച്ചതാണ്,
മീനുകള് രുചിച്ചിട്ടുണ്ടോയെന്നറിയില്ല,
ബന്ധുക്കളില്ലെന്കില് ഉടനെയടക്കാം.
കുറ്റാന്വേഷകന് ദുരൂഹതയാകയാല്
സ്വന്തം താത്പര്യത്തില് അന്വേഷണം തുടങ്ങി.
സാക്ഷി ഒന്ന്:
സത്യമായിട്ടും രാത്രി ഞാന്
പുറന്കടലിനപ്പുറത്തായിരുന്നു.
രാവിലേയുണര്ന്ന് വള്ളത്തില്
നീന്തിയിങ്ങ് വരുമ്പോഴേ കണ്ടു,
ആരാണെന്നറിയാന് കൈ നീട്ടി
തൊട്ടുവെന്നുള്ളത് നേരാണ്.
സാക്ഷി രണ്ട്:
എല്ലാ രാത്രികളിലും
ഞാനുറങ്ങാതെ ഇവിടെയെല്ലാം കറങ്ങുന്നതാ.
പക്ഷേയന്നു രാത്രി
അല്‍പ്പമുറങ്ങിപ്പോയി.
അവന്റെ മണമെനിക്ക് ഉണ്ടായിരുന്നെന്നോ?
എല്ലായിടത്തും കേറി പഴകുന്ന കാരണം
നമുക്കെല്ലാവര്ടേയും മണമുണ്ടെന്നേ.
ബുദ്ധിപരമായ തിരച്ചിലിനവസാനം
പ്രതി നാടകീയമായി മുന്നില് വന്നു ചാടി.
ആദ്യം പതറി
പൊട്ടിത്തെറിച്ചു
പിന്നെ കീഴടങ്ങി.
കണ്‍ഫെഷന്‍:
കാമിനിയായതവന്റെ
പുരുഷസുഭഗതയുടെ
വശീകരണ ശക്തിയില്.
മൂന്ന് രാത്രിക്ക് മുന്പ്
നിശബ്ദമായ നിലാവൊന്ന്
കണ്‍ മറച്ച മാത്രയില്
മണലില് മറിച്ചിട്ടവനെയൊന്ന്
പുണര്ന്നതേയുള്ളൂ
നുരഞ്ഞ് പതഞ്ഞയെന്റെ ചുണ്ടില്
കൊരുത്തു പിടഞ്ഞാണ്
അവന് മരിച്ചത്.
റിപ്പോര്ട്ട്:
മൂന്ന് നാള്‍ നീണ്ട പീഢനത്തിനിരയായി
യുവാവ് കൊല്ലപ്പെട്ട സംഭവത്തില്
ഒളിവില് കഴിയുകയായിരുന്ന
കടല്ത്തിര പിടിക്കപ്പെട്ടു.
കമഴ്ന്ന് കിടക്കുന്നെന്ന്
അജ്ഞാതശബ്ദം പറഞ്ഞു.
ആഞ്ജലോയ്ക്ക് പോലും
കൈയടങ്ങാത്ത വിധത്തില്
ചുറ്റുമതില്‍ കെട്ടി
വൃത്തത്തിന്റെ സമമിതിയൊത്ത്
ഇതളുകളകത്തേക്ക് കൂമ്പിയൊരു
പുരുഷാരം.
മുറിവിന്റെ വിടവുകളില്
ഉപ്പുവെള്ളം നുരയുന്ന
കറുത്തയൊരുടല്
മലര്ത്തിയിട്ടപ്പോള്
ചുറ്റുമുള്ള മീന്മണങ്ങള്
പിറുപിറുത്തു;
ഡേവിഡ്.
(ഇടവേള ഇവിടെയാകാം)
പ്രാഥമികാന്വേഷണ വിവരം:
ശ്വാസം കിട്ടാതെ മരിച്ചതാണ്,
മീനുകള് രുചിച്ചിട്ടുണ്ടോയെന്നറിയില്ല,
ബന്ധുക്കളില്ലെന്കില് ഉടനെയടക്കാം.
കുറ്റാന്വേഷകന് ദുരൂഹതയാകയാല്
സ്വന്തം താത്പര്യത്തില് അന്വേഷണം തുടങ്ങി.
സാക്ഷി ഒന്ന്:
സത്യമായിട്ടും രാത്രി ഞാന്
പുറന്കടലിനപ്പുറത്തായിരുന്നു.
രാവിലേയുണര്ന്ന് വള്ളത്തില്
നീന്തിയിങ്ങ് വരുമ്പോഴേ കണ്ടു,
ആരാണെന്നറിയാന് കൈ നീട്ടി
തൊട്ടുവെന്നുള്ളത് നേരാണ്.
സാക്ഷി രണ്ട്:
എല്ലാ രാത്രികളിലും
ഞാനുറങ്ങാതെ ഇവിടെയെല്ലാം കറങ്ങുന്നതാ.
പക്ഷേയന്നു രാത്രി
അല്‍പ്പമുറങ്ങിപ്പോയി.
അവന്റെ മണമെനിക്ക് ഉണ്ടായിരുന്നെന്നോ?
എല്ലായിടത്തും കേറി പഴകുന്ന കാരണം
നമുക്കെല്ലാവര്ടേയും മണമുണ്ടെന്നേ.
ബുദ്ധിപരമായ തിരച്ചിലിനവസാനം
പ്രതി നാടകീയമായി മുന്നില് വന്നു ചാടി.
ആദ്യം പതറി
പൊട്ടിത്തെറിച്ചു
പിന്നെ കീഴടങ്ങി.
കണ്‍ഫെഷന്‍:
കാമിനിയായതവന്റെ
പുരുഷസുഭഗതയുടെ
വശീകരണ ശക്തിയില്.
മൂന്ന് രാത്രിക്ക് മുന്പ്
നിശബ്ദമായ നിലാവൊന്ന്
കണ്‍ മറച്ച മാത്രയില്
മണലില് മറിച്ചിട്ടവനെയൊന്ന്
പുണര്ന്നതേയുള്ളൂ
നുരഞ്ഞ് പതഞ്ഞയെന്റെ ചുണ്ടില്
കൊരുത്തു പിടഞ്ഞാണ്
അവന് മരിച്ചത്.
റിപ്പോര്ട്ട്:
മൂന്ന് നാള്‍ നീണ്ട പീഢനത്തിനിരയായി
യുവാവ് കൊല്ലപ്പെട്ട സംഭവത്തില്
ഒളിവില് കഴിയുകയായിരുന്ന
കടല്ത്തിര പിടിക്കപ്പെട്ടു.
ഞാന് എന്നെ...
എന്തായിവിടെക്കിടന്നു തപ്പുന്നത്?
ഇവിടെയാ ഇവിടെയാ പോയത്
ശ്ശേ ഇവിടെത്തന്നെയാ
എന്താണേലും ഇരുട്ടത്ത് തപ്പാതെയാ
വെട്ടത്ത് മാറി നോക്കിക്കൂടേ?
ഓ വേണ്ട കിട്ടി
എന്താ പോയേ?
കാര്യമായിട്ടൊന്നുമില്ല,
ഞാന് തന്നെ.
ഇവിടെയാ ഇവിടെയാ പോയത്
ശ്ശേ ഇവിടെത്തന്നെയാ
എന്താണേലും ഇരുട്ടത്ത് തപ്പാതെയാ
വെട്ടത്ത് മാറി നോക്കിക്കൂടേ?
ഓ വേണ്ട കിട്ടി
എന്താ പോയേ?
കാര്യമായിട്ടൊന്നുമില്ല,
ഞാന് തന്നെ.
Saturday, February 16, 2008
സൌഹൃദം
ഇത്തിത്താനം മന്നത്ത് കടവ് പാലത്തിന്റെ കൈവരിയിലിരുന്ന്
നേര്‍ത്ത കാറ്റിന്‍റേയും
കുതിര്‍ന്ന ചേറിന്‍റേയും
താഴെത്തോട്ടിലെയാഫ്രിക്കന്‍ പായലിന്റേയും
എണ്ണിയാല്‍ തീരാത്ത സന്ധ്യകളില്‍
എത്ര സൈക്കിള്‍ ബെല്ലടികളേയും
എത്ര കാലിച്ചോറ്റുപാത്രങ്ങളേയും
എത്ര മുഷിഞ്ഞ ബസ് മണങ്ങളേയും
എത്ര നെല്‍ക്കറ്റകളേന്തിയ മെലിഞ്ഞ ചിരികളേയും
എത്ര കുഴഞ്ഞ നടത്തങ്ങളേയും
നാം കടത്തി വിട്ടിരിക്കുന്നു.
ബണ്ടിലെ പുല്ലില്‍
ചൊട്ടനുറുമ്പില്ലാത്ത സ്ഥലം നോക്കിയിരിക്കെ
പള്ളിയിലും പള്ളിപ്പാറയിലും
ഉത്സവത്തിലും അമ്പലക്കമ്മറ്റിയിലും
തുടങ്ങുന്ന വാക്കുകള്‍
ഇടയ്ക്ക് പാടിയും ചിരിച്ചും
പെണ്ണിലും പ്രേതത്തിലുമവസാനിക്കെ
നിന്നെ ഞാന്‍ നിന്റെ വീട്ടിലും
എന്നെ നീയെന്‍റെ വീട്ടിലും
എത്ര പ്രാവശ്യം കൊണ്ട് വിട്ടിരിക്കുന്നു.
നിന്നെപ്പിരിഞ്ഞയാ പുകയുന്ന സന്ധ്യയില്‍
ധാത്രീ ചുവന്നയീ സൂര്യനെ
ഗര്‍ഭം ധരിക്കരുതേ നീയിന്നെങ്കിലുമെന്ന്
ഗാംഭീര്യമാര്‍ന്ന സ്വരത്തില്‍ നീ ചൊല്ലിയപ്പോള്‍
ഭൂമിയ്ക്കപ്പുറം
രണ്ടാം നാളൊറ്റയ്ക്ക് ഞാന്‍ കാണുന്നത്‍
നിന്‍റെ സൂര്യനെയാകണേയെന്നായിരുന്നു
എന്‍റെയുള്ളിലുരുകിയത്.
മൂകമിരുട്ട് കനക്കേ
ചിരിച്ച് കൊണ്ട്
കരള്‍ കീറി പകുത്തെടുത്തതിലെ
കയ്ക്കുന്ന ഭാഗം
നീയെടുത്തില്ലേയെനിക്കു വേണ്ടി.
എന്നിട്ടുമെന്താണ് സുഹൃത്തേ
ഈയിടെയായ് ഞാന്‍ വിളിക്കുമ്പോള്‍
നീയെന്റെ പൈസ പോകുന്നതിനേപ്പറ്റി
വേവലാതിപ്പെടുന്നത്?
പണ്ടെന്നും പൂത്തിരുന്ന നമ്മുടെ നെല്ലിമരം
നെല്ലിമണികള്‍ പൊഴിക്കാതെ
വാടാന്‍ തുടങ്ങിയോ?
നേര്‍ത്ത കാറ്റിന്‍റേയും
കുതിര്‍ന്ന ചേറിന്‍റേയും
താഴെത്തോട്ടിലെയാഫ്രിക്കന്‍ പായലിന്റേയും
എണ്ണിയാല്‍ തീരാത്ത സന്ധ്യകളില്‍
എത്ര സൈക്കിള്‍ ബെല്ലടികളേയും
എത്ര കാലിച്ചോറ്റുപാത്രങ്ങളേയും
എത്ര മുഷിഞ്ഞ ബസ് മണങ്ങളേയും
എത്ര നെല്‍ക്കറ്റകളേന്തിയ മെലിഞ്ഞ ചിരികളേയും
എത്ര കുഴഞ്ഞ നടത്തങ്ങളേയും
നാം കടത്തി വിട്ടിരിക്കുന്നു.
ബണ്ടിലെ പുല്ലില്‍
ചൊട്ടനുറുമ്പില്ലാത്ത സ്ഥലം നോക്കിയിരിക്കെ
പള്ളിയിലും പള്ളിപ്പാറയിലും
ഉത്സവത്തിലും അമ്പലക്കമ്മറ്റിയിലും
തുടങ്ങുന്ന വാക്കുകള്‍
ഇടയ്ക്ക് പാടിയും ചിരിച്ചും
പെണ്ണിലും പ്രേതത്തിലുമവസാനിക്കെ
നിന്നെ ഞാന്‍ നിന്റെ വീട്ടിലും
എന്നെ നീയെന്‍റെ വീട്ടിലും
എത്ര പ്രാവശ്യം കൊണ്ട് വിട്ടിരിക്കുന്നു.
നിന്നെപ്പിരിഞ്ഞയാ പുകയുന്ന സന്ധ്യയില്‍
ധാത്രീ ചുവന്നയീ സൂര്യനെ
ഗര്‍ഭം ധരിക്കരുതേ നീയിന്നെങ്കിലുമെന്ന്
ഗാംഭീര്യമാര്‍ന്ന സ്വരത്തില്‍ നീ ചൊല്ലിയപ്പോള്‍
ഭൂമിയ്ക്കപ്പുറം
രണ്ടാം നാളൊറ്റയ്ക്ക് ഞാന്‍ കാണുന്നത്‍
നിന്‍റെ സൂര്യനെയാകണേയെന്നായിരുന്നു
എന്‍റെയുള്ളിലുരുകിയത്.
മൂകമിരുട്ട് കനക്കേ
ചിരിച്ച് കൊണ്ട്
കരള്‍ കീറി പകുത്തെടുത്തതിലെ
കയ്ക്കുന്ന ഭാഗം
നീയെടുത്തില്ലേയെനിക്കു വേണ്ടി.
എന്നിട്ടുമെന്താണ് സുഹൃത്തേ
ഈയിടെയായ് ഞാന്‍ വിളിക്കുമ്പോള്‍
നീയെന്റെ പൈസ പോകുന്നതിനേപ്പറ്റി
വേവലാതിപ്പെടുന്നത്?
പണ്ടെന്നും പൂത്തിരുന്ന നമ്മുടെ നെല്ലിമരം
നെല്ലിമണികള്‍ പൊഴിക്കാതെ
വാടാന്‍ തുടങ്ങിയോ?
Friday, February 15, 2008
കൊരുക്ക്?
തുറന്നടയുന്ന വരേയ്ക്കും
നോട്ടങ്ങള് നഗ്നത വെളിപ്പെടുത്തുന്നു.
ഉണരുമ്പോഴുമുറങ്ങുമ്പോഴും
വിചാരങ്ങള് ഉടുപ്പുകളുതിര്ത്തു കളയുന്നു.
ശബ്ദങ്ങളെ കര്ണ്ണവിരേചനം ചെയ്തിട്ടും
ഉറക്കത്തില് അറിയാതെ വിരല് കുടിക്കുന്നു.
ഇതെന്തു തരം അസുഖമാണ് ഡോക്ടര്?
ശാരീരികം?
മാനസികം?
ഇനി
(പുറത്ത് പറയാന് കൊള്ളാത്തത് വല്ലതും?)
നോട്ടങ്ങള് നഗ്നത വെളിപ്പെടുത്തുന്നു.
ഉണരുമ്പോഴുമുറങ്ങുമ്പോഴും
വിചാരങ്ങള് ഉടുപ്പുകളുതിര്ത്തു കളയുന്നു.
ശബ്ദങ്ങളെ കര്ണ്ണവിരേചനം ചെയ്തിട്ടും
ഉറക്കത്തില് അറിയാതെ വിരല് കുടിക്കുന്നു.
ഇതെന്തു തരം അസുഖമാണ് ഡോക്ടര്?
ശാരീരികം?
മാനസികം?
ഇനി
(പുറത്ത് പറയാന് കൊള്ളാത്തത് വല്ലതും?)
Sunday, February 10, 2008
കാട്ടിലിരുട്ടാണോ മിന്നാമിനുങ്ങേ?
ബോര്ഡിങ്ങില് താമസിച്ച് പഠിക്കുമ്പോള്
പറയാതെ സ്കൂളിന്റെ മതില് കടന്നാല്
പുറത്തെ വായു തിന്നാല്
അദ്ധ്യാപകരുടെയടി കൈ തിണര്പ്പിച്ചിരുന്നു.
എന്നിട്ടും ഞങ്ങള് കുറെയാമ്പിള്ളേര്
മതില് ചാടി കാട് കാണാന് പോയി.
പഴയതൊക്കെ ചത്ത്
പുതുനാമ്പ് വളര്ന്ന് പച്ചച്ച കാട്
ഇരുട്ട് കാട്ടിക്കൊതിപ്പിക്കുന്ന കാട്
വകഞ്ഞ് വകഞ്ഞ്
തൊലിയുരഞ്ഞ് കീറി
കാല് വിരല് മുട്ടിപ്പൊട്ടി
പാമ്പിന്റെയൂത്ത് കേട്ട് ഞെട്ടി
ഉച്ചയായപ്പോളൊരു ചോലയരുകിലെത്തി.
നാണമുള്ളവന്മാര്
തോര്ത്തുടുത്തും
നാണമില്ലാത്താമ്പിള്ളേര്
കാടിന്റെ തണുപ്പുടുത്തും
നീന്തലറിയാത്തവര്
ഒക്കത്ത് നിന്ന് നനച്ചപ്പോള്
നിലയെ പേടിച്ചവന്മാര്
അരയൊപ്പം നിന്ന് കുളിച്ചപ്പോള്
ആഴത്തെക്കൊതിക്കുന്നയാമ്പിള്ളേര്
വഴുക്കുള്ള പാറവരമ്പില് നിന്നും
കടുംപച്ച നിറച്ച കയത്തിലേക്ക്
മുതലക്കൂപ്പ് ചാടി.
കയത്തിന്റെയടീന്ന് ചെളി വാരാനുള്ള മത്സരത്തില്
ശ്വാസകോശമെല്ലാരെയും തോല്പ്പിച്ചപ്പോള്
ഒരാള് ചാടിയിട്ടൊരു പാട് നേരമായിട്ടുമനക്കമില്ല.
ശ്വാസം പിടിച്ച് കരയ്ക്ക് നില്ക്കെ
നടുക്കിക്കൊണ്ടവന്
താടി പറിഞ്ഞ് പോയത് കൊണ്ടാവണം
ചിരി കണ്കുഴിയിലെ കറുപ്പിലൊളിപ്പിച്ചൊരു
തലയോട്ടിയുമായി പൊങ്ങി വന്നു.
പേടിപ്പിച്ചല്ലോടാ ശവമേന്ന് പറഞ്ഞപ്പോള്
ചെളിയില് പൂണ്ടിരിക്കുവാരുന്നെടാ
എന്നാപ്പിന്നെ പൊക്കിയിട്ടേയൊള്ളെന്ന്
ഞാനും വച്ചെന്നവനും.
ഒരു ജനാധിപത്യവോട്ടെടുപ്പിന്റെ പാതയില്
രഹസ്യബാലറ്റിന്റെ സ്വഭാവത്തില്
തലയോട്ടി ബോര്ഡിങ്ങിലെത്തി-
യൊരു നാളൊരുത്തനെ പേടിപ്പിച്ചപ്പോള്
അദ്ധ്യാപകശ്രേഷ്ഠര്
കൈയ്യില് ചൂരലിന്റെ മിന്നല് പായിച്ചു.
രസമെന്താണെന്ന് വെച്ചാല്
അടുത്ത സയന്സ് എക്സിബിഷന്
കഴുകി വെളുപ്പിച്ച്
പ്ളാസ്റ്റര് ഓഫ് പാരീസ് പൂശി
ഒരു വയ്പ് താടി വയ്പ്പിച്ച്
പാടുന്ന തലയോട്ടിയ്ക്ക്
ഒന്നാം സമ്മാനം മേടിച്ചു സ്കൂള്.
തിരിച്ച് വരുമ്പോള്
ഉള്ളിലിരുന്ന് പൊരിഞ്ഞതൊരു വിചാരം മാത്രം
എങ്ങനെയിനി കാട്ടില് പോകും?
ആരിനി ചെളി കുത്താന് കയത്തില് ചാടും?
പറയാതെ സ്കൂളിന്റെ മതില് കടന്നാല്
പുറത്തെ വായു തിന്നാല്
അദ്ധ്യാപകരുടെയടി കൈ തിണര്പ്പിച്ചിരുന്നു.
എന്നിട്ടും ഞങ്ങള് കുറെയാമ്പിള്ളേര്
മതില് ചാടി കാട് കാണാന് പോയി.
പഴയതൊക്കെ ചത്ത്
പുതുനാമ്പ് വളര്ന്ന് പച്ചച്ച കാട്
ഇരുട്ട് കാട്ടിക്കൊതിപ്പിക്കുന്ന കാട്
വകഞ്ഞ് വകഞ്ഞ്
തൊലിയുരഞ്ഞ് കീറി
കാല് വിരല് മുട്ടിപ്പൊട്ടി
പാമ്പിന്റെയൂത്ത് കേട്ട് ഞെട്ടി
ഉച്ചയായപ്പോളൊരു ചോലയരുകിലെത്തി.
നാണമുള്ളവന്മാര്
തോര്ത്തുടുത്തും
നാണമില്ലാത്താമ്പിള്ളേര്
കാടിന്റെ തണുപ്പുടുത്തും
നീന്തലറിയാത്തവര്
ഒക്കത്ത് നിന്ന് നനച്ചപ്പോള്
നിലയെ പേടിച്ചവന്മാര്
അരയൊപ്പം നിന്ന് കുളിച്ചപ്പോള്
ആഴത്തെക്കൊതിക്കുന്നയാമ്പിള്ളേര്
വഴുക്കുള്ള പാറവരമ്പില് നിന്നും
കടുംപച്ച നിറച്ച കയത്തിലേക്ക്
മുതലക്കൂപ്പ് ചാടി.
കയത്തിന്റെയടീന്ന് ചെളി വാരാനുള്ള മത്സരത്തില്
ശ്വാസകോശമെല്ലാരെയും തോല്പ്പിച്ചപ്പോള്
ഒരാള് ചാടിയിട്ടൊരു പാട് നേരമായിട്ടുമനക്കമില്ല.
ശ്വാസം പിടിച്ച് കരയ്ക്ക് നില്ക്കെ
നടുക്കിക്കൊണ്ടവന്
താടി പറിഞ്ഞ് പോയത് കൊണ്ടാവണം
ചിരി കണ്കുഴിയിലെ കറുപ്പിലൊളിപ്പിച്ചൊരു
തലയോട്ടിയുമായി പൊങ്ങി വന്നു.
പേടിപ്പിച്ചല്ലോടാ ശവമേന്ന് പറഞ്ഞപ്പോള്
ചെളിയില് പൂണ്ടിരിക്കുവാരുന്നെടാ
എന്നാപ്പിന്നെ പൊക്കിയിട്ടേയൊള്ളെന്ന്
ഞാനും വച്ചെന്നവനും.
ഒരു ജനാധിപത്യവോട്ടെടുപ്പിന്റെ പാതയില്
രഹസ്യബാലറ്റിന്റെ സ്വഭാവത്തില്
തലയോട്ടി ബോര്ഡിങ്ങിലെത്തി-
യൊരു നാളൊരുത്തനെ പേടിപ്പിച്ചപ്പോള്
അദ്ധ്യാപകശ്രേഷ്ഠര്
കൈയ്യില് ചൂരലിന്റെ മിന്നല് പായിച്ചു.
രസമെന്താണെന്ന് വെച്ചാല്
അടുത്ത സയന്സ് എക്സിബിഷന്
കഴുകി വെളുപ്പിച്ച്
പ്ളാസ്റ്റര് ഓഫ് പാരീസ് പൂശി
ഒരു വയ്പ് താടി വയ്പ്പിച്ച്
പാടുന്ന തലയോട്ടിയ്ക്ക്
ഒന്നാം സമ്മാനം മേടിച്ചു സ്കൂള്.
തിരിച്ച് വരുമ്പോള്
ഉള്ളിലിരുന്ന് പൊരിഞ്ഞതൊരു വിചാരം മാത്രം
എങ്ങനെയിനി കാട്ടില് പോകും?
ആരിനി ചെളി കുത്താന് കയത്തില് ചാടും?
Saturday, February 9, 2008
എക്സെല്സിയര്
എന്റെ കഥയച്ചടിച്ചു വന്ന ആദ്യത്തെ; കവിതയച്ചടിച്ചു വന്ന രണ്ടാമത്തെ പേപ്പര് താളുകള് എന്ന നിലയില് എനിക്കു പ്രിയപ്പെട്ട എക്സെല്സിയര്, ഒരു അദ്ധ്യയന വര്ഷാവസാനം വരേയും നിന്നെ ഞാന് കാത്തിരുന്നത് എന്നോടുള്ള പ്രേമം കൊണ്ട് തന്നെയായിരുന്നോ?
എക്സെല്സിയര് 2001-ലെ ചില കവിതാ ശകലങ്ങളും കവിതകളും കോറിയിടുകയാണ്. ചിലതൊക്കെ ആരെഴുതിയതെന്നറിയില്ല, അറിയാവുന്നതിലെല്ലാം പേര് കൊടുത്തിട്ടുണ്ട്.
സൌഹൃദം : മൂന്ന് കവിതപ്പുകച്ചിലുകള്
1) ചരിത്രത്തിന്റെ അക്ഷരങ്ങളില്
ഞാന് വീണ്ടും ജനിക്കും
നീ പ്രഭാതത്തിന്റെ ഉടുപ്പും
സിംഹത്തിന്റെ പല്ലുമായി കാത്തിരിക്കുക
നമുക്കു ഭൂമിയു|ടെവസന്തം പന്കു വയ്ക്കാം
2) നിന്റെ ചിറകുകളില് ഞാന് ചുംബിച്ചു.
നീ പറക്കുന്ന ആകാശങ്ങളില്
ഞാന് നക്ഷത്രമായ്
നിന്റെ വാക്കുകള് മുന്തിരി മണികളായ്
3) എനിക്കു നിന്നെ സ്നേഹിക്കാനാവുന്നത്
ചുംബനങ്ങളും അവീന് പുഷ്പങ്ങളും കൊണ്ട് മാത്രം
മഴ നനഞ്ഞ പൂമാലകള് കൊണ്ട് മാത്രം
-------------------------------------------------------
ചിതലുകള് വളരുന്നത്
ചിതലുകള് പെരുകുന്നത് തലയിലാണ്
മസ്തകത്തിന്റെ മജ്ജയ്ക്കുള്ളില്
ഗോപുരങ്ങളും കല്ലറകളും പണിയുന്നു.
താജ്മഹാലും മിനാരങ്ങളും
പ്രണയത്തിന്റെ തിരുശേഷിപ്പുകളെന്കില്,
ചിതലുകള് വിശപ്പടക്കിയതാണ്
എന്റെ സ്മാരകം.
രചന : പുഷ്പിത ബേബി തോമസ്
-------------------------------------------------------
കാവ്
മനസ്സ് കാട് പിടിച്ചു കിടന്നു.
അത് വെട്ടിത്തെളിച്ച്
ചെമ്പകം വച്ചു.
ചെമ്പകം കായിട്ട്
പൂത്തു വിരിഞ്ഞ്
പരിമളമെത്തിയപ്പോഴേക്കും
ഒരു കിളി കൂടു വച്ചു.
ഒരു നാള്
കൂട് തട്ടിയുടച്ച്
കുഞ്ഞുമായി പറന്നു.
കാട്
കാവായി;
കാവില്
കവിത വിരിഞ്ഞു.
കാവു താണ്ടി
അവനും അവളും.
ഒരു നാള്
കാവു തീണ്ടി
ഭൂമി പിളര്ന്നേകയായി
അവള് താണു പോയി.
തിരുശേഷിപ്പായ്
കാവ്
കല്പാന്തകാലത്തോളം
പിളര്ന്നു കിടന്നു.
രചന: രജീഷ് ഇ. കെ.
എക്സെല്സിയര് 2001-ലെ ചില കവിതാ ശകലങ്ങളും കവിതകളും കോറിയിടുകയാണ്. ചിലതൊക്കെ ആരെഴുതിയതെന്നറിയില്ല, അറിയാവുന്നതിലെല്ലാം പേര് കൊടുത്തിട്ടുണ്ട്.
സൌഹൃദം : മൂന്ന് കവിതപ്പുകച്ചിലുകള്
1) ചരിത്രത്തിന്റെ അക്ഷരങ്ങളില്
ഞാന് വീണ്ടും ജനിക്കും
നീ പ്രഭാതത്തിന്റെ ഉടുപ്പും
സിംഹത്തിന്റെ പല്ലുമായി കാത്തിരിക്കുക
നമുക്കു ഭൂമിയു|ടെവസന്തം പന്കു വയ്ക്കാം
2) നിന്റെ ചിറകുകളില് ഞാന് ചുംബിച്ചു.
നീ പറക്കുന്ന ആകാശങ്ങളില്
ഞാന് നക്ഷത്രമായ്
നിന്റെ വാക്കുകള് മുന്തിരി മണികളായ്
3) എനിക്കു നിന്നെ സ്നേഹിക്കാനാവുന്നത്
ചുംബനങ്ങളും അവീന് പുഷ്പങ്ങളും കൊണ്ട് മാത്രം
മഴ നനഞ്ഞ പൂമാലകള് കൊണ്ട് മാത്രം
-------------------------------------------------------
ചിതലുകള് വളരുന്നത്
ചിതലുകള് പെരുകുന്നത് തലയിലാണ്
മസ്തകത്തിന്റെ മജ്ജയ്ക്കുള്ളില്
ഗോപുരങ്ങളും കല്ലറകളും പണിയുന്നു.
താജ്മഹാലും മിനാരങ്ങളും
പ്രണയത്തിന്റെ തിരുശേഷിപ്പുകളെന്കില്,
ചിതലുകള് വിശപ്പടക്കിയതാണ്
എന്റെ സ്മാരകം.
രചന : പുഷ്പിത ബേബി തോമസ്
-------------------------------------------------------
കാവ്
മനസ്സ് കാട് പിടിച്ചു കിടന്നു.
അത് വെട്ടിത്തെളിച്ച്
ചെമ്പകം വച്ചു.
ചെമ്പകം കായിട്ട്
പൂത്തു വിരിഞ്ഞ്
പരിമളമെത്തിയപ്പോഴേക്കും
ഒരു കിളി കൂടു വച്ചു.
ഒരു നാള്
കൂട് തട്ടിയുടച്ച്
കുഞ്ഞുമായി പറന്നു.
കാട്
കാവായി;
കാവില്
കവിത വിരിഞ്ഞു.
കാവു താണ്ടി
അവനും അവളും.
ഒരു നാള്
കാവു തീണ്ടി
ഭൂമി പിളര്ന്നേകയായി
അവള് താണു പോയി.
തിരുശേഷിപ്പായ്
കാവ്
കല്പാന്തകാലത്തോളം
പിളര്ന്നു കിടന്നു.
രചന: രജീഷ് ഇ. കെ.
Friday, February 8, 2008
വഷവഷളിഷയ
രാവിലെ കോളേജിലേക്ക് പോകാന്
സര്ക്കാര് ബസിലിടിച്ചു കയറുമ്പോള്‍
സെറ്റ്സാരിയുടുത്തൊരു പെണ്കുട്ടിയോടി വരുന്നത് കണ്ടീ-
ശ്വരായെന്തൊരു ചരക്കെന്നാത്മഗതം ചെയ്തത്
ശകലം ഉച്ചത്തിലായോയെന്തോ
വായ്നോക്കി നിക്കാതെയിങ്ങോട്ട്
കയറി നിക്കടോയെന്ന്
കണ്ട്രാവി പറഞ്ഞതാ
കുരുത്തക്കേട് കേട്ടിട്ടാണോയെന്തോ.
നട്ടുച്ച വെയിലത്ത്
വിയര്ത്ത് കുളിച്ച് കോരിത്തരിച്ച്
അമൃതാ തീയറ്ററില്
കാനിബാത്സ് ഐലന്ഡ് കാണാന് ചെന്നപ്പോള്
ടിക്കറ്റ് ക്ളോസ്സ്ഡ്
തമ്പുരാനേ വെയില് കൊണ്ടത് വെറുതെയായല്ലോയെന്ന്
നടുവിന് കൈ കൊടുത്ത് നില്ക്കുമ്പോള്
കോടതി മതിലിന്റെ വളവെടുത്ത്
ബൈക്കില് കടന്നു പോയ
മില്മയിലെ സുരേഷ് ചേട്ടനൊന്ന്
പാളി നോക്കിയതെന്നെ കണ്ടിട്ടാണോയെന്തോ.
രാത്രിയിലുത്സവം കൂടി
തിരിച്ചു വരുന്ന വഴിക്ക്
അപ്പുറത്തെ വീട്ടിലെ ഭവാനിയേച്ചീടെ
മോള്‍ടെ മുറിയിലെ
വെട്ടം കണ്ട്
ദൈവമേ രാത്രിയിലിവള്ക്കൊന്നും
ഉറക്കമില്ലേയെന്ന് പിറുപിറുത്ത്
അവരുടെ വേലിക്കല്
മുള്ളാന് നില്ക്കുമ്പോള്
കാഴ്ചശീവേലിക്കമ്പലത്തീന്ന്
വെടി പൊട്ടിയതേത് സമയത്തിനാണോയെന്തോ.
ദൈവമേ ഇമ്മാതിരി കേസുകളിലൊന്നും കേറി തലയിടല്ലേയെന്ന്
നിന്നെ ഞാനെങ്ങനെ പറഞ്ഞു മനസ്സിലാക്കാനാണ്?
സര്ക്കാര് ബസിലിടിച്ചു കയറുമ്പോള്‍
സെറ്റ്സാരിയുടുത്തൊരു പെണ്കുട്ടിയോടി വരുന്നത് കണ്ടീ-
ശ്വരായെന്തൊരു ചരക്കെന്നാത്മഗതം ചെയ്തത്
ശകലം ഉച്ചത്തിലായോയെന്തോ
വായ്നോക്കി നിക്കാതെയിങ്ങോട്ട്
കയറി നിക്കടോയെന്ന്
കണ്ട്രാവി പറഞ്ഞതാ
കുരുത്തക്കേട് കേട്ടിട്ടാണോയെന്തോ.
നട്ടുച്ച വെയിലത്ത്
വിയര്ത്ത് കുളിച്ച് കോരിത്തരിച്ച്
അമൃതാ തീയറ്ററില്
കാനിബാത്സ് ഐലന്ഡ് കാണാന് ചെന്നപ്പോള്
ടിക്കറ്റ് ക്ളോസ്സ്ഡ്
തമ്പുരാനേ വെയില് കൊണ്ടത് വെറുതെയായല്ലോയെന്ന്
നടുവിന് കൈ കൊടുത്ത് നില്ക്കുമ്പോള്
കോടതി മതിലിന്റെ വളവെടുത്ത്
ബൈക്കില് കടന്നു പോയ
മില്മയിലെ സുരേഷ് ചേട്ടനൊന്ന്
പാളി നോക്കിയതെന്നെ കണ്ടിട്ടാണോയെന്തോ.
രാത്രിയിലുത്സവം കൂടി
തിരിച്ചു വരുന്ന വഴിക്ക്
അപ്പുറത്തെ വീട്ടിലെ ഭവാനിയേച്ചീടെ
മോള്‍ടെ മുറിയിലെ
വെട്ടം കണ്ട്
ദൈവമേ രാത്രിയിലിവള്ക്കൊന്നും
ഉറക്കമില്ലേയെന്ന് പിറുപിറുത്ത്
അവരുടെ വേലിക്കല്
മുള്ളാന് നില്ക്കുമ്പോള്
കാഴ്ചശീവേലിക്കമ്പലത്തീന്ന്
വെടി പൊട്ടിയതേത് സമയത്തിനാണോയെന്തോ.
ദൈവമേ ഇമ്മാതിരി കേസുകളിലൊന്നും കേറി തലയിടല്ലേയെന്ന്
നിന്നെ ഞാനെങ്ങനെ പറഞ്ഞു മനസ്സിലാക്കാനാണ്?
Saturday, January 26, 2008
ആത്മാവില്‍ ശിക്ഷിക്കപ്പെട്ട കുട്ടികള്‍
വീടുപണി ഘട്ടം ഘട്ടമായിട്ടായിരുന്നു.
പണ്ട് താമസിച്ചിരുന്ന മണ്‍ഷെഡ്ഡില്‍
മണല്‍കൂന, സിമന്റ്, പിക്കാസ്, തൂമ്പ.
പത്തു വയസ്സുകാരനുമനിയനും
അപ്പുറത്തെ വീട്ടിലെ നാലാം ക്ലാസ്സുകാരിയും
കഞ്ഞിയും കറിയും കളിച്ചത്
ഷെഡ്ഡിന്റെ വാതിലടച്ചിട്ടായിപ്പോയി.
ഞാനെന്നയച്ഛന്‍
മണല്‍കൂനയില്‍ ചെരിഞ്ഞ് കിടന്ന്
പത്രം വായിക്കുമ്പോള്‍
കളിക്കൂട്ടുകാരി ഭാര്യ
ചിരട്ടയില്‍
സിമന്റും മണലും തുമ്പയിലയും കൊണ്ട്
കഞ്ഞിയും കറിയും വയ്ക്കുമ്പോള്‍
അനിയന്‍ മകനായി
സ്കൂളില്‍ പോകാനിറങ്ങുമ്പോള്‍
വാതിലിലൊരു മുട്ട്
റേഷന്‍ കടയില്‍ നിന്നും തിരിച്ചു വന്ന
അവളുടെ വല്യച്ചന്‍
വാതിലടച്ചിട്ടോണ്ടാണോ കളി
അതത്ര ശരിയല്ല
വാടീ ഇവിടെ-
യെന്ന് പറഞ്ഞ്
കരയുന്നയവളെ വലിച്ചോണ്ട്
പോകുന്നതിനിടയിലൊരു ഭീഷണിയും
നിന്റെ അച്ഛനിങ്ങു വരട്ടെ
പറഞ്ഞു കൊടുക്കുന്നുണ്ട് ഞാനീ കാര്യം.
വിയര്‍ത്ത് വിളറി
ആത്മാവില്‍ കുറ്റം ചാര്‍ത്തപ്പെട്ടവരായി
ഒരു ചേട്ടനുമനുജനും
ഒരുമിച്ച് പ്രാര്‍ഥിച്ചത്
ദൈവമേ അച്ഛന്‍ വൈകുന്നേരമോഫീസില്‍
നിന്നും വരുന്നതിനു മുന്പ്
ആ വല്യച്ചന്‍ മരിച്ച് പോണേന്നായിരുന്നു.
ഈയ്യിടേയും വിളിച്ചപ്പോള്‍
വീട്ടുകാര്‍ പറഞ്ഞിരുന്നു
എടാ നിന്നെയപ്പുറത്തെ
വല്യച്ചനന്വേഷിച്ചെന്ന്.
പണ്ട് താമസിച്ചിരുന്ന മണ്‍ഷെഡ്ഡില്‍
മണല്‍കൂന, സിമന്റ്, പിക്കാസ്, തൂമ്പ.
പത്തു വയസ്സുകാരനുമനിയനും
അപ്പുറത്തെ വീട്ടിലെ നാലാം ക്ലാസ്സുകാരിയും
കഞ്ഞിയും കറിയും കളിച്ചത്
ഷെഡ്ഡിന്റെ വാതിലടച്ചിട്ടായിപ്പോയി.
ഞാനെന്നയച്ഛന്‍
മണല്‍കൂനയില്‍ ചെരിഞ്ഞ് കിടന്ന്
പത്രം വായിക്കുമ്പോള്‍
കളിക്കൂട്ടുകാരി ഭാര്യ
ചിരട്ടയില്‍
സിമന്റും മണലും തുമ്പയിലയും കൊണ്ട്
കഞ്ഞിയും കറിയും വയ്ക്കുമ്പോള്‍
അനിയന്‍ മകനായി
സ്കൂളില്‍ പോകാനിറങ്ങുമ്പോള്‍
വാതിലിലൊരു മുട്ട്
റേഷന്‍ കടയില്‍ നിന്നും തിരിച്ചു വന്ന
അവളുടെ വല്യച്ചന്‍
വാതിലടച്ചിട്ടോണ്ടാണോ കളി
അതത്ര ശരിയല്ല
വാടീ ഇവിടെ-
യെന്ന് പറഞ്ഞ്
കരയുന്നയവളെ വലിച്ചോണ്ട്
പോകുന്നതിനിടയിലൊരു ഭീഷണിയും
നിന്റെ അച്ഛനിങ്ങു വരട്ടെ
പറഞ്ഞു കൊടുക്കുന്നുണ്ട് ഞാനീ കാര്യം.
വിയര്‍ത്ത് വിളറി
ആത്മാവില്‍ കുറ്റം ചാര്‍ത്തപ്പെട്ടവരായി
ഒരു ചേട്ടനുമനുജനും
ഒരുമിച്ച് പ്രാര്‍ഥിച്ചത്
ദൈവമേ അച്ഛന്‍ വൈകുന്നേരമോഫീസില്‍
നിന്നും വരുന്നതിനു മുന്പ്
ആ വല്യച്ചന്‍ മരിച്ച് പോണേന്നായിരുന്നു.
ഈയ്യിടേയും വിളിച്ചപ്പോള്‍
വീട്ടുകാര്‍ പറഞ്ഞിരുന്നു
എടാ നിന്നെയപ്പുറത്തെ
വല്യച്ചനന്വേഷിച്ചെന്ന്.
ഹില്ഷ
താരേക്ക് താരേക്ക്
നിങ്ങളൊരു ശരിയായ ബംഗ്ളാദേശിയാണ്
ജീവിതത്തില് ഒരിക്കലെന്കിലും ബംഗ്ളാദേശിലേക്ക്
തിരിച്ച് പോകാനിടയാകില്ലേയെന്ന്
പേടിക്കുന്നവനാണ്
ഷര്ട്ടിന്റെ പോക്കറ്റിലെപ്പോഴുമൊരു
ചെറിയ വിശുദ്ധഖുറാന് കരുതുന്നവനാണ്
സൂക്തങ്ങളുരുവിടുമ്പോള് കണ്ണുകള് നിറയുന്നവനാണ്
നല്ലൊരു മുസ്ളീം എന്നെപ്പോലെയാകരുതേയെന്ന്
എന്നോടെപ്പോഴും ആണയിടുന്നവനാണ്
ഭായി-ഭായിയെന്ന് പറഞ്ഞ് പറഞ്ഞ്
1971 നു മുന്പ്
വെസ്റ്റ് പാകിസ്ഥാന് ഈസ്റ്റ് പാകിസ്ഥാനില്
നടത്തിയ നരനായാട്ട് ഓര്ക്കുമ്പോള്,
സ്വാതന്ത്ര്യത്തിന് വേണ്ടിയല്ലാ
ഭാഷയ്ക്കും സംസ്ക്കാരത്തിനും വേണ്ടിയാണ് ഞങ്ങള്
പാകിസ്ഥാനോട് ഗറില്ലായുദ്ധം
കല്ലും കവണയും കൊണ്ട് നടത്തിയതെന്ന് പറയുമ്പോള്,
അന്നതിര്ത്തി കടന്ന് പലായനം ചെയ്തവരെ
കുടി പാര്പ്പിക്കനൊരു വെസ്റ്റ് ബംഗാളില്ലായിരുന്നെന്കിലെന്നു വ്യാകുലപ്പെടുമ്പോള്,
അന്നിന്ദിരാഗാന്ധിയും ഇന്ത്യയുമില്ലായിരുന്നെന്കിലെന്ന് പറയുമ്പോള്
സര്ക്കാര് താരേക്ക് മഹ്മൂദ്...
നിങ്ങള് വിയര്പ്പില് ചോര പൊടിയുന്നവനാണ്.
താരേക്ക് താരേക്ക്
പാകിസ്ഥാന്കാരന് നടത്തുന്ന അഹമ്മദ് സ്റ്റോറില്
മീന് വാങ്ങാന് ഞാന് പോയത് നിങ്ങളോടൊപ്പമാണ്
ഹില്ഷഫിഷിന് രുചിയേറെയാണെന്നെന്നോട് പറഞ്ഞത് നിങ്ങളാണ്
ഹില്ഷ ബംഗ്ളാദേശിക്ക്
വിശപ്പും കൊതിയുമടക്കാനുള്ളൊരു മീന് മാത്രമല്ല
അമീറും ഗരീബും കഴിക്കുന്ന ദേശീയവികാരമാണ് ഹില്ഷയെന്ന്
മരവിച്ച മീനിനെ തൊട്ട് പറഞ്ഞത് നിങ്ങളാണ്.
വൈകുന്നേരം ഞാന് ഹില്ഷ വറക്കുമ്പോളാണ്
വെസ്റ്റ്ബംഗാളിലേക്ക് ഹില്ഷ കയറ്റിയയക്കുന്നത്
ബംഗ്ളാദേശ് സര്ക്കാര് നിര്ത്തിയെന്ന്
ദി ഡെയിലി ഇന്ക്വിലാബില് നോക്കി
നിങ്ങള് പറഞ്ഞത്
കൊതി മൂത്ത വെസ്റ്റ്ബംഗാള്
ഹില്ഷയിനിയുമിനിയുമെന്നു
ബംഗ്ളാദേശിനോട് പറഞ്ഞപ്പോള്
പാവപ്പെട്ടവന്റെ പിഞ്ഞാണത്തിലെ ഹില്ഷ
കാക്ക കൊത്താന് തുടങ്ങിയപ്പോള്
ബംഗ്ളാദേശിന്റെ ദേശീയമത്സ്യത്തെ
കയറ്റിയയ്ക്കേണ്ടെന്ന് ബംഗ്ളാദേശ് തീരുമാനിച്ചു.
പിറ്റേന്ന് രാവിലെ ചോറിനൊപ്പം മീനെടുക്കാന് നോക്കിയപ്പോള്
ഹില്ഷ രണ്ടെണ്ണം ബാക്കി
ഒന്നെടുത്തിട്ടും രുചി രണ്ടാമത്തേതിന്റെ
പകുതിയുമെടുപ്പിച്ചു
അപ്പോഴും നയതന്ത്രജ്ഞത ഞാന് പാലിച്ചു
ഒറ്റ നോട്ടത്തില് വലിയ കഷണം കിട്ടിയെന്നേ താരേക്കിനു തോന്നൂ
താരേക്ക്
നിങ്ങളപ്പോള് സുഖമായിട്ടുറങ്ങുകയായിരുന്നു.
വൈകുന്നേരം ഞാന് തിരിച്ചെത്തിയപ്പോഴാണ്
ദി ഡെയിലി ഇന്ക്വിലാബില് നിന്നും നിങ്ങള് തലയുയര്ത്തിയത്
പകരത്തിനു പകരം വെസ്റ്റ് ബംഗാള് വീട്ടി
ഉരുളക്കിഴങ്ങും സബോളയും ഇനി ബംഗ്ളാദേശിലേക്കില്ല
അല്ള്ളാ പാവപ്പെട്ടവനിനിയെന്തു ചെയ്യും
ഒരു ഭാഷയായിട്ടിങ്ങനെ
എന്ന് നിങ്ങള് നെടുവീര്പ്പിട്ടപ്പോള്;
അന്കിള് സാമെന്നാല് അമേരിക്കയാണെന്നെന്നോടാദ്യം പറഞ്ഞ
ദസ്ക്യാപ്പിറ്റല് വായിച്ച ബംഗ്ളാദേശിയെന്നെനിക്കത്ഭുതമായ
റഷ്യ കഴിഞ്ഞാല് ഏഷ്യയിലാദ്യം തൊഴിലാളികള്ക്കിടയില്
കമ്മ്യൂണിസം പടര്ന്നത് എന്റെ രാജ്യത്താണെന്ന് പ്രഖ്യാപിച്ച
നല്ലവന് മാത്രമായ
സര്ക്കാര് താരേക്ക് മഹ്മൂദ്,
സ്നേഹിക്കുന്നതു പോലെ തന്നെ
നിങ്ങളെ മടുക്കാനും ഞാന് പഠിച്ചതെങ്ങെനെയാണ്?
താരേക്ക് താരേക്ക്...
നിങ്ങളൊരു ശരിയായ ബംഗ്ളാദേശിയാണ്
ജീവിതത്തില് ഒരിക്കലെന്കിലും ബംഗ്ളാദേശിലേക്ക്
തിരിച്ച് പോകാനിടയാകില്ലേയെന്ന്
പേടിക്കുന്നവനാണ്
ഷര്ട്ടിന്റെ പോക്കറ്റിലെപ്പോഴുമൊരു
ചെറിയ വിശുദ്ധഖുറാന് കരുതുന്നവനാണ്
സൂക്തങ്ങളുരുവിടുമ്പോള് കണ്ണുകള് നിറയുന്നവനാണ്
നല്ലൊരു മുസ്ളീം എന്നെപ്പോലെയാകരുതേയെന്ന്
എന്നോടെപ്പോഴും ആണയിടുന്നവനാണ്
ഭായി-ഭായിയെന്ന് പറഞ്ഞ് പറഞ്ഞ്
1971 നു മുന്പ്
വെസ്റ്റ് പാകിസ്ഥാന് ഈസ്റ്റ് പാകിസ്ഥാനില്
നടത്തിയ നരനായാട്ട് ഓര്ക്കുമ്പോള്,
സ്വാതന്ത്ര്യത്തിന് വേണ്ടിയല്ലാ
ഭാഷയ്ക്കും സംസ്ക്കാരത്തിനും വേണ്ടിയാണ് ഞങ്ങള്
പാകിസ്ഥാനോട് ഗറില്ലായുദ്ധം
കല്ലും കവണയും കൊണ്ട് നടത്തിയതെന്ന് പറയുമ്പോള്,
അന്നതിര്ത്തി കടന്ന് പലായനം ചെയ്തവരെ
കുടി പാര്പ്പിക്കനൊരു വെസ്റ്റ് ബംഗാളില്ലായിരുന്നെന്കിലെന്നു വ്യാകുലപ്പെടുമ്പോള്,
അന്നിന്ദിരാഗാന്ധിയും ഇന്ത്യയുമില്ലായിരുന്നെന്കിലെന്ന് പറയുമ്പോള്
സര്ക്കാര് താരേക്ക് മഹ്മൂദ്...
നിങ്ങള് വിയര്പ്പില് ചോര പൊടിയുന്നവനാണ്.
താരേക്ക് താരേക്ക്
പാകിസ്ഥാന്കാരന് നടത്തുന്ന അഹമ്മദ് സ്റ്റോറില്
മീന് വാങ്ങാന് ഞാന് പോയത് നിങ്ങളോടൊപ്പമാണ്
ഹില്ഷഫിഷിന് രുചിയേറെയാണെന്നെന്നോട് പറഞ്ഞത് നിങ്ങളാണ്
ഹില്ഷ ബംഗ്ളാദേശിക്ക്
വിശപ്പും കൊതിയുമടക്കാനുള്ളൊരു മീന് മാത്രമല്ല
അമീറും ഗരീബും കഴിക്കുന്ന ദേശീയവികാരമാണ് ഹില്ഷയെന്ന്
മരവിച്ച മീനിനെ തൊട്ട് പറഞ്ഞത് നിങ്ങളാണ്.
വൈകുന്നേരം ഞാന് ഹില്ഷ വറക്കുമ്പോളാണ്
വെസ്റ്റ്ബംഗാളിലേക്ക് ഹില്ഷ കയറ്റിയയക്കുന്നത്
ബംഗ്ളാദേശ് സര്ക്കാര് നിര്ത്തിയെന്ന്
ദി ഡെയിലി ഇന്ക്വിലാബില് നോക്കി
നിങ്ങള് പറഞ്ഞത്
കൊതി മൂത്ത വെസ്റ്റ്ബംഗാള്
ഹില്ഷയിനിയുമിനിയുമെന്നു
ബംഗ്ളാദേശിനോട് പറഞ്ഞപ്പോള്
പാവപ്പെട്ടവന്റെ പിഞ്ഞാണത്തിലെ ഹില്ഷ
കാക്ക കൊത്താന് തുടങ്ങിയപ്പോള്
ബംഗ്ളാദേശിന്റെ ദേശീയമത്സ്യത്തെ
കയറ്റിയയ്ക്കേണ്ടെന്ന് ബംഗ്ളാദേശ് തീരുമാനിച്ചു.
പിറ്റേന്ന് രാവിലെ ചോറിനൊപ്പം മീനെടുക്കാന് നോക്കിയപ്പോള്
ഹില്ഷ രണ്ടെണ്ണം ബാക്കി
ഒന്നെടുത്തിട്ടും രുചി രണ്ടാമത്തേതിന്റെ
പകുതിയുമെടുപ്പിച്ചു
അപ്പോഴും നയതന്ത്രജ്ഞത ഞാന് പാലിച്ചു
ഒറ്റ നോട്ടത്തില് വലിയ കഷണം കിട്ടിയെന്നേ താരേക്കിനു തോന്നൂ
താരേക്ക്
നിങ്ങളപ്പോള് സുഖമായിട്ടുറങ്ങുകയായിരുന്നു.
വൈകുന്നേരം ഞാന് തിരിച്ചെത്തിയപ്പോഴാണ്
ദി ഡെയിലി ഇന്ക്വിലാബില് നിന്നും നിങ്ങള് തലയുയര്ത്തിയത്
പകരത്തിനു പകരം വെസ്റ്റ് ബംഗാള് വീട്ടി
ഉരുളക്കിഴങ്ങും സബോളയും ഇനി ബംഗ്ളാദേശിലേക്കില്ല
അല്ള്ളാ പാവപ്പെട്ടവനിനിയെന്തു ചെയ്യും
ഒരു ഭാഷയായിട്ടിങ്ങനെ
എന്ന് നിങ്ങള് നെടുവീര്പ്പിട്ടപ്പോള്;
അന്കിള് സാമെന്നാല് അമേരിക്കയാണെന്നെന്നോടാദ്യം പറഞ്ഞ
ദസ്ക്യാപ്പിറ്റല് വായിച്ച ബംഗ്ളാദേശിയെന്നെനിക്കത്ഭുതമായ
റഷ്യ കഴിഞ്ഞാല് ഏഷ്യയിലാദ്യം തൊഴിലാളികള്ക്കിടയില്
കമ്മ്യൂണിസം പടര്ന്നത് എന്റെ രാജ്യത്താണെന്ന് പ്രഖ്യാപിച്ച
നല്ലവന് മാത്രമായ
സര്ക്കാര് താരേക്ക് മഹ്മൂദ്,
സ്നേഹിക്കുന്നതു പോലെ തന്നെ
നിങ്ങളെ മടുക്കാനും ഞാന് പഠിച്ചതെങ്ങെനെയാണ്?
താരേക്ക് താരേക്ക്...
Tuesday, January 22, 2008
ആഹാ കളി എന്നോടാ !!!!
ചുറ്റിനുമെത്ര നദികളുമരുവികളും, തോടുകളും, കുളങ്ങളുമാ !
പേരിടാം,
ഒന്നു ലാപ്പുട, മറ്റേത് വിഷ്ണു, പിന്നൊന്ന് സനാതനന്,
പിന്നെയനിലന്, പ്രമോദ്, വില്സണ്, ഉമ്പാച്ചിയെന്നങ്ങനെയങ്ങനെ...
കിഴക്കോട്ടും പടിഞ്ഞാട്ടുമൊഴുകിയും
ഒഴുകാതെ തളം കെട്ടി
കയങ്ങളെ വിഴുങ്ങിയും.
എല്ലാത്തിന്റെയും കുത്തകയെനിക്ക് വേണം
ഓരോന്നിന്റെയും കരയില്
ഞാനോരോ കുഴല്ക്കിണര് വയ്ക്കും
അടിയിലടിഞ്ഞതടക്കം മൊത്തം ഞാനൂറ്റും
എന്നിട്ടോരോ ടാന്കറില്
വിഷ്ണുവിനെ ലാപ്പുടയ്ക്കും,
ലാപ്പുടയെയുമ്പാച്ചിക്കും,
ഉമ്പാച്ചിയെ സനാതനനും,
സനാതനനെ വില്സണും,
വില്സണെ പ്രമോദിനും,
പ്രമോദിനെയനിലനും
എന്നിങ്ങനെയെക്സ്പോര്ട്ട് ചെയ്യും.
ഇതൊന്നും പറ്റിയില്ലെന്കില്
ഞാനെല്ലാത്തിലുമെന്റെ
നഞ്ച് കലക്കി മീന് പിടിക്കും.
ആഹാ കളി എന്നോടാ !!!!
പേരിടാം,
ഒന്നു ലാപ്പുട, മറ്റേത് വിഷ്ണു, പിന്നൊന്ന് സനാതനന്,
പിന്നെയനിലന്, പ്രമോദ്, വില്സണ്, ഉമ്പാച്ചിയെന്നങ്ങനെയങ്ങനെ...
കിഴക്കോട്ടും പടിഞ്ഞാട്ടുമൊഴുകിയും
ഒഴുകാതെ തളം കെട്ടി
കയങ്ങളെ വിഴുങ്ങിയും.
എല്ലാത്തിന്റെയും കുത്തകയെനിക്ക് വേണം
ഓരോന്നിന്റെയും കരയില്
ഞാനോരോ കുഴല്ക്കിണര് വയ്ക്കും
അടിയിലടിഞ്ഞതടക്കം മൊത്തം ഞാനൂറ്റും
എന്നിട്ടോരോ ടാന്കറില്
വിഷ്ണുവിനെ ലാപ്പുടയ്ക്കും,
ലാപ്പുടയെയുമ്പാച്ചിക്കും,
ഉമ്പാച്ചിയെ സനാതനനും,
സനാതനനെ വില്സണും,
വില്സണെ പ്രമോദിനും,
പ്രമോദിനെയനിലനും
എന്നിങ്ങനെയെക്സ്പോര്ട്ട് ചെയ്യും.
ഇതൊന്നും പറ്റിയില്ലെന്കില്
ഞാനെല്ലാത്തിലുമെന്റെ
നഞ്ച് കലക്കി മീന് പിടിക്കും.
ആഹാ കളി എന്നോടാ !!!!
Subscribe to:
Comments (Atom)