Sunday, March 30, 2008

ബ്ലാങ്ക്

എനിക്ക്
കോടിയുടുക്കാനുള്ള
വെളുത്ത കുപ്പായമലക്കാന്‍
ചാക്കാലപ്പെണ്ണിന്‍‌റെ
വിരല്‍ തൊട്ടു
കൈ മാറിയതിന്നാണ്‍.

രാത്രിയൊരു
മഷിത്തണ്ട് കണക്കേ
വാര്‍ന്ന കിടക്കയില്‍
ഉടല്‍ പിടഞ്ഞോരാ-
ത്മരതി കഴിഞ്ഞ
തളര്‍ വീഴ്ചയിലാണ്‍
അവളുടെ മുഖത്ത് പകര്‍ന്ന
ഭാവം ഭാവമല്ലായിരുന്നുവെന്ന്
ശൂന്യമാകാന്‍ പോകുന്ന
അടുത്ത നിമിഷത്തിന്‍‌റെ
സാക്ഷി മൊഴിയില്‍
ഞാന്‍ കേട്ടത്.

വിഴുപ്പലക്കിയലക്കി
വെളുത്തില്ലാതായ്പ്പോയൊരു
കുപ്പായമേ

വൈദ്യര്‍

വൈദ്യര്‍
പേര്‍ കേട്ട ജോത്സ്യര്‍ ആണ്‍
പുലരെ കുളിച്ച്
കവിടിയുടെ വടിവില്‍
പരല്‍പ്പേരുകള്‍ ഗണിച്ച്
ശ്ലോകമാത്രകളില്‍
ഭാവിയുടെയാശ്വാസങ്ങളെ
വാര്‍ത്തെടുക്കുന്നയാള്‍ ആണ്‍.

വൈദ്യര്‍
അമ്പലത്തില്‍ പോകാത്ത
പാര്‍ട്ടിയുടെയാദ്യകാല അംഗമാണ്‍
ചുമച്ച് ക്ഷയിച്ച് കിടന്നപ്പോഴും
വാസേവാ നമ്മുടെ
പാര്‍ട്ടിക്ക് തന്നെ കുത്തണെ
എന്ന് പറഞ്ഞ്
ബൂത്തില്‍ പോയിരുന്നയാളാണ്‍.

മൂത്ത മകന്‍ മൃഗഡോക്ടര്‍
കമ്യൂണിസ്റ്റായത് കൊണ്ട്
അമ്പലത്തില്‍ക്കയറില്ലായെന്ന്
വാശി പിടിച്ചപ്പോള്‍
സാരമില്ല
അവനുമെന്നെപ്പോലെ
നാവ് കൊണ്ട് പേരെടുക്കുമെന്ന്
പ്രവചിച്ചയാളാണ്‍

(മകനിപ്പോള്‍
അച്ഛന്‍‌റെ ചിത്രം
കണ്ട് തൊഴുതിട്ടേ
കവിടി തൊടാറുള്ളൂ).

ഞാന്‍ പഠിച്ച് മിടുക്കനായി
ഡോക്ടറാകുമെന്ന്
ഗ്രഹനില നോക്കിപ്പറഞ്ഞയാളാണ്‍.
ലേഹ്യമുരുളിയില്‍ നിന്നു
പകര്‍ന്ന് കഴിഞ്ഞ്
മിച്ചം തോണ്ടി
നാവില്‍ വച്ചു തന്ന്
ഇന്നാടാ പട്ടിക്കണ്ടായെന്ന്
പല്ലില്ലാത്ത ചിരി ചിരിക്കുന്നയാ
വൈദ്യര്‍
എന്‌റെ വല്യച്ഛനായിരുന്നു‍.*

വല്യച്ഛന്‍‌റെ പ്രവചനവും
അച്ഛന്‍‌റെ മോഹവും
ഒന്നു തന്നെയായിരുന്നോ?
ഞാനൊരു‍ ഡോക്ടറായില്ല.

----------
വല്യച്ഛന്‍ : അച്ഛന്‍‌റെ അച്ഛന്‍

Sunday, March 16, 2008

പ്രോഗ്രസ് കാര്ഡ്

അച്ചാലും മുച്ചാലുമെന്നെ
തല്ലല്ലേ മാഷേ
ലോകമഹായുദ്ധമുപന്യസിച്ചു
വന്നപ്പോള്
ചരിത്രത്തിനതിന്റെ
ഭൂമിശാസ്ത്രം തെറ്റിപ്പോയതല്ലേ.

Thursday, March 13, 2008

തിരിഞ്ഞൊഴുകുന്ന ജലം

മണ്ണ് നനഞ്ഞ്
കിടന്നിടത്ത് നിന്ന്
നൂറ് മക്കളെണീറ്റ്
ചെന്നോരോ

കുടങ്ങളുടെ
മറുപിള്ളയില്
സുഷുപ്തിയിലാണ്ടു.

കുഞ്ഞിന്
തനിച്ചൊഴുകാനൊരു
നൌക കെട്ടിയിട്ടമ്മ‌
സൂര്യന്റെ തിടപ്പള്ളിയിലേക്ക്
തിരിച്ചു നടന്നു.

അറ്റു പോയ
കൈ കൊണ്ടൊരു ശില്പ്പി
വെണ്ണക്കല്ലൊന്ന് മിനുക്കുമ്പോള്
പ്രണയസ്മാരകം കണ്ട്

കണ് നീറിയ‌
ഭൂപതി
മരിച്ച് പോയ രാജ്ഞിയുടെ
അറവാതില്
അകത്ത് നിന്നുമടച്ചു.

അയ്യത്തിരുന്നു
ഓല മെടഞ്ഞൊരപ്പൂപ്പന്
കോരയുടെ കണ്ടത്തില്
കൊയ്യുന്ന ചെറുമികളെ
നടു നിവര്ത്തിക്കാതെ നിന്ന്
പണിയെടുപ്പിക്കുന്ന‌
കാര്യസ്ഥനാകാന്
തലയെടുത്ത് നടന്നു പോയി.

ഇന്നും ഇന്നലെയും
കൂടിയെന്നുമിങ്ങനെ

വേഴ്ചയായാല്‍
പാവം നാളെ
പടിക്കു പുറത്തൊരു
വിളിയും കാത്തിരിക്കണമല്ലോ.



Thursday, March 6, 2008

പാചകശാല

എന്താണീ ചെമ്പില്,
എന്തൊരു നിറം?

വെട്ടി മുറിക്കപ്പെട്ട
ഹൃദയമാണ് പാകമാകുന്നത്

നല്ല വരട്ടുന്ന മണം വരുന്നുണ്ടല്ലോ?
നീരൊഴുക്കു വറ്റിയ‌
കണ്ണുകളാണ്
നെയ് കുറച്ചു മതിയല്ലോ

വാര്പ്പില് തിളച്ച് തൂവുന്നല്ലോ?
തവിട് കളഞ്ഞ് പോയ‌
ജീവിതമാണ്

ഇന്ധനമോ?
ഈ ഞാന് തന്നെയാണ്
തീ തിന്ന് തീ തിന്ന്
വെന്തൊരുങ്ങിയിട്ടിനി
എരി പോരാ പുളി പോരായെന്നൊന്നും
പറഞ്ഞു കളയരുത്

Sunday, March 2, 2008

ഒരു അഭ്യര്‍ത്ഥന

ബ്ലോഗിനിടാനാണ്
ആരെങ്കിലുമൊരാള്‍
ശൂന്യത
എന്നൊരു
ടെമ്പ്ലേറ്റ്
ഉണ്ടാക്കിത്തരുമോ?