എന്റെ കുഞ്ഞേ,
നമുക്കിനി
ചിതറിത്തെറിച്ച ജീവിതത്തിന്റെ
കഷണങ്ങള്‍
പെറുക്കിക്കൂട്ടി
ജിഗ്സോ പസ്സില്‍
കളിക്കാം,
നോവിന്റെ പശ കൊണ്ട്
ഇട നികത്തി
ഈ ചിത്രം നമുക്ക്
തെറ്റി-
പ്പുനര്‍നിര്‍മിക്കാം.
അക്ക് കളിക്കാന്‍
പുറത്തിറങ്ങേണ്ട,
കളം മാറ്റിക്കളിച്ച്
ചതിക്കുഴിയിലേക്ക്
കുതി വെട്ടി
വീഴിക്കാന്‍
ദുഷ്ടിന്റെ
ശകുനികളുണ്ടപ്പുറം.
അവിടെ
ഇരുട്ടിന്റെ
കൈതപ്പൊന്തകളില്‍
പാമ്പുകള്‍
തല നീട്ടി വിളിക്കും
കോണി കളിക്കാന്‍.
ചേര്‍ന്നും പിരിഞ്ഞും
ഭ്രാന്ത് പിടിപ്പിക്കുന്ന
മാളങ്ങളില്‍
അവ നിന്നെ
വഴി തെറ്റിക്കും,
സുഖസഞ്ചാര വഴികളില്‍
പുളഞ്ഞ് ചേര്‍ന്ന്
അവ നിന്നെ ദംശിക്കും.
ഒടുവില്‍
കളിയല്ലാക്കാര്യത്തിന്റെ
ചാവ് പറമ്പില്‍
ചിതയ്ക്ക് മീതെ
കരിയുന്ന
നിന്റെ
കണ്ണുകളുടെ നിറവും
ചിതലരിക്കാത്ത
നിന്റെ
പാവക്കുഞ്ഞും
എന്നേ നീറ്റുമ്പോള്‍
എന്റെ കുഞ്ഞേ,
നിനക്കിനി കളിക്കാനാകാത്തത്
പ്രസിദ്ധമായ ആ കളി മാത്രം,
അമ്മയും കുഞ്ഞും.
പതറിയ കാഴ്ചയില്‍
നിനക്കെന്റെ
വിരല്‍തുമ്പില്‍ നിന്ന്
വഴുതാന്‍
പല പല
കളികളിനിയെത്ര ബാക്കി.
4 comments:
കിളിരൂരെ പെണ്‍കുട്ടിയുടെ കുഞ്ഞ് അമ്മിഞ്ഞപാലിന്റെ മണമില്ലാത്ത ആദ്യപിറന്നാള് മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെ പങ്കിട്ടു (ആഘോഷിച്ചു എന്നു പറയാന് മനസാക്ഷി അനുവദിക്കുന്നില്ല) എന്നു കേട്ടപ്പോള് തുടങ്ങിയ ഒരു നോവാണിത്.
വളരെനന്നായി .. നൊന്തു !!!
നല്ല കവിത
സിച്ചന്‍സേ വളരെ വൈകിയാണിത് വായിക്കുന്നത്.കാണിച്ചുതന്നത് വാരഫലവും.മൂന്നുകവിതകളും വായിച്ച്.സത്യത്തില്‍ താങ്കള്‍ ഒരു നല്ല ശൈലിനിര്‍മ്മിക്കുകയാണ്,താങ്കളുടെ ഗദ്യരചനകളിലുള്ള മുനവച്ച നര്‍മ്മം തന്നെയാണിവിടെയും.നന്നായിരിക്കുന്നു.വഴിതെറ്റണ്ട.മുന്നോട്ടുതന്നെ പോകൂ.വളരെ നല്ല രചനകള്‍.
Post a Comment