Friday, September 14, 2007

ജ്യാമിതിയുടെ നഗരം

ലംബവും തിരശ്ചീനവും
തെറ്റിയ നഗരത്തില്‍
കോണുകള്‍ ചുറ്റി
ഈച്ചയിട്ടു പഴക്കിയ
നന്നാറി സര്‍ബത്ത്‌
കുടിക്കാന്‍
ഉപ്പൂറ്റി പറിഞ്ഞു
നടക്കുന്നു ഞാന്‍.

മുന്‍പില്‍
തെരുവിണ്റ്റെ വിശാലത
സൂചിക്കുഴയിലെ
നൂലു പോലെ
നീണ്ടു വലിഞ്ഞ്‌
കണ്ണില്‍ കിഴിയുന്നു.

തുപ്പലില്‍ ചവിട്ടി
അറപ്പില്‍
ടാറിണ്റ്റെ പുല്ലില്‍
കാലിട്ട്‌ തൂത്ത്‌
കാര്‍ക്കിച്ച്‌ തുപ്പി-
ത്തുപ്പലില്‍
അതിരുകള്‍ ചീന്തിയ
സൂര്യനേക്കണ്ട്‌
ചൂട്‌ പനിക്കുന്നെവിടെയോ.

നന്നാറി സര്‍ബത്ത്‌
തികട്ടിണ്റ്റെ കുത്തില്‍
മധുരം മടുത്ത
ഗ്ളാസിന്‍ പുറത്ത്‌
പതഞ്ഞു തൂവി
കാല്‍നടവഴികളില്‍
മണം പിടിച്ച്‌
എനിക്ക്‌
മുന്‍പേ ഒഴുകുന്നു.

ഓടേണ്ടാ,
എനിക്കറിയാം
നാളെ നീ വളിക്കുമെന്ന്.

മുകള് പെരുക്കി
അര കുറുക്കിയ
ചഷകത്തില്‍
വടിവൊത്ത
കുമിളകള്‍
മെനഞ്ഞു
നീ വാ,
പകലിണ്റ്റെ ഇരുട്ടില്‍
നമുക്കു രമിക്കാം
ഇരമ്പുന്ന
നിണ്റ്റെ പിടച്ചിലുകള്‍
ഞാനറിയു-
മന്നെണ്റ്റെ നാവില്‍.

അന്നേരം
നീളവും
ചതുരവുമെത്താത്ത
നമ്മുടെ
പുല്‍പ്പായില്‍
നിനക്കു
പുറം തിരിഞ്ഞ്‌
കാശു കടം പറയും
ഞാന്‍.

പുലഭ്യമാടിക്കൊണ്ട്‌
ഗ്ളാസ്സിലേക്ക്‌
നീയെങ്ങെനെ
തിരികെപ്പോകും?
തട്ടിത്തൂവി
വീഴില്ലേ പിന്നേയും,
നഗരം
പണ്ടേ നേരെയല്ല.

2 comments:

Sanal Kumar Sasidharan said...

എന്റെ അഭിപ്രായത്തില്‍ ഈ കവിതക്ക് ചില ആറ്റിക്കുറുക്കലുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇതിന്റെ കരുത്ത് ശരിക്കും വെളിവാകുമായിരുന്നു.ശക്തമായ നെഗറ്റീവ് ഇമേജുകള്‍ പലതും തുടരെത്തുടരെയുള്ള ഈ നെഗറ്റീവിസത്തില്‍ വിരസമാകുന്നു.
തുപ്പലില്‍ ചവിട്ടി
അറപ്പില്‍
ടാറിണ്റ്റെ പുല്ലില്‍
കാലിട്ട്‌ തൂത്ത്‌
കാര്‍ക്കിച്ച്‌ തുപ്പി-
ത്തുപ്പലില്‍
അതിരുകള്‍ ചീന്തിയ
സൂര്യനേക്കണ്ട്‌
ചൂട്‌ പനിക്കുന്നെവിടെയോ.
ഇതില്‍ തുപ്പലില്‍ ചവിട്ടി അറപ്പില്‍ ടാറിന്റെ പുല്ലില്‍ കാലിട്ട് തൂത്ത് എന്ന വരിയുണ്ടാക്കുന്ന പെരുപ്പ് തുടര്‍ന്നും തുപ്പലും അതിലെ സൂര്യനുമൊക്കെ വരുമ്പോള്‍ ക്ഷയിക്കുന്നതു നന്നായനുഭവപ്പെടുന്നു

സുനീഷ് said...

സനാതനന് മാഷേ,
മാഷ് പറഞ്ഞത് ശരിയാണ്. ഒരു പുനര്‍വായനയില് എനിക്കും തോന്നി എഴുതിയെഴുതി വന്നപ്പോള് എഴുത്തിന്റെ മുറുക്കം കുറഞ്ഞോ എന്ന്. കുന്നു കയറി പൊടുന്നനെ മണ്ണിടിഞ്ഞു താഴേക്കൂര്‍ന്നു പോരുന്നതു പോലെ. പണ്ടുണ്ടായിരുന്ന ഒരു നല്ല ശീലമാണെങ്കില് ഇപ്പോള് ഇല്ല താനും. ഒരു നോട്ട്ബുക്കിലെഴുതിയിട്ട്, ദിവസങ്ങള് കഴിയുമ്പോള് നല്ല ഒരു മൂഡില് വീണ്ടും വായിച്ച് വെട്ടിയും തിരുത്തിയും ആറ്റിക്കുറുക്കുന്ന രീതി ഇപ്പോള് നടക്കുന്നില്ല, എന്തെങ്കിലും തോന്നിയാല് അന്നേരം തന്നെ റ്റൈപ്പ് ചെയ്തു കയറ്റുകയാണ്. എങ്കിലും നോക്കട്ടേ ഒന്നു അരിച്ചെടുക്കാമോയെന്ന്. പിന്നെ നെഗറ്റീവ് ഇമേജുകളുടെ തനിയാവര്‍ത്തനം സത്യമായും എന്റെ കുറ്റമല്ല മാഷേ, അത്രയ്ക്ക് വരണ്ട ഒരവസ്ഥയിലിരുന്നെഴുതിയതാണ്, അമ്മ സത്യം. പിന്നെ നെഗറ്റീവും നെഗറ്റീവും ഗുണിച്ച് നെഗറ്റീവ് വാര്ത്തെടുക്കുന്ന കവിതയുടെ കണക്കില് ലേശം ഭ്രമം കൂടിയുള്ളതു കൊണ്ടാകാം…
നന്ദി മാഷേ, ചുഴിഞ്ഞുള്ള വായനയ്ക്കും, ആത്മാര്‍ഥമായ വിമര്ശനങ്ങള്‍ക്കും. വിമര്ശനങ്ങളെ ഞാനാരാധിക്കാന് തുടങ്ങിയിരിക്കുന്നു.