Saturday, January 26, 2008

ആത്മാവില്‍ ശിക്ഷിക്കപ്പെട്ട കുട്ടികള്‍

വീടുപണി ഘട്ടം ഘട്ടമായിട്ടായിരുന്നു.
പണ്ട് താമസിച്ചിരുന്ന മണ്‍ഷെഡ്ഡില്‍
മണല്‍കൂന, സിമന്റ്, പിക്കാസ്, തൂമ്പ.
പത്തു വയസ്സുകാരനുമനിയനും
അപ്പുറത്തെ വീട്ടിലെ നാലാം ക്ലാസ്സുകാരിയും
കഞ്ഞിയും കറിയും കളിച്ചത്
ഷെഡ്ഡിന്റെ വാതിലടച്ചിട്ടായിപ്പോയി.
ഞാനെന്നയച്ഛന്‍
മണല്‍കൂനയില്‍ ചെരിഞ്ഞ് കിടന്ന്
പത്രം വായിക്കുമ്പോള്‍
കളിക്കൂട്ടുകാരി ഭാര്യ
ചിരട്ടയില്‍
സിമന്റും മണലും തുമ്പയിലയും കൊണ്ട്
കഞ്ഞിയും കറിയും വയ്ക്കുമ്പോള്‍
അനിയന്‍ മകനായി
സ്കൂളില്‍ പോകാനിറങ്ങുമ്പോള്‍
വാതിലിലൊരു മുട്ട്
റേഷന്‍ കടയില്‍ നിന്നും തിരിച്ചു വന്ന
അവളുടെ വല്യച്ചന്‍
വാതിലടച്ചിട്ടോണ്ടാണോ കളി
അതത്ര ശരിയല്ല
വാടീ ഇവിടെ-
യെന്ന് പറഞ്ഞ്
കരയുന്നയവളെ വലിച്ചോണ്ട്
പോകുന്നതിനിടയിലൊരു ഭീഷണിയും
നിന്റെ അച്ഛനിങ്ങു വരട്ടെ
പറഞ്ഞു കൊടുക്കുന്നുണ്ട് ഞാനീ കാര്യം.

വിയര്‍ത്ത് വിളറി
ആത്മാവില്‍ കുറ്റം ചാര്‍ത്തപ്പെട്ടവരായി
ഒരു ചേട്ടനുമനുജനും
ഒരുമിച്ച് പ്രാര്‍ഥിച്ചത്
ദൈവമേ അച്ഛന്‍ വൈകുന്നേരമോഫീസില്‍
നിന്നും വരുന്നതിനു മുന്പ്
ആ വല്യച്ചന്‍ മരിച്ച് പോണേന്നായിരുന്നു.

ഈയ്യിടേയും വിളിച്ചപ്പോള്‍
വീട്ടുകാര്‍ പറഞ്ഞിരുന്നു
എടാ നിന്നെയപ്പുറത്തെ
വല്യച്ചനന്വേഷിച്ചെന്ന്.

9 comments:

തറവാടി said...

പറമ്പിലേക്ക് വെട്ടിയിടുന്ന വളത്തില്‍ നിന്നും ( തെങ്ങിനും കവുങ്ങിനുമൊക്കെ മരച്ചില്ലകള്‍ വെട്ടിയുടുന്നത് ) 'Y' ഷേപ്പിലുള്ളത് മാറ്റിവെക്കാന്‍ കുഞ്ഞനോടെപ്പോഴും പറയുമായിരുന്നു. രണ്ടു വശത്തും ഇത്തരത്തിലുള്ളവ വെച്ച് അതിനിടയില്‍ കെട്ടുന്ന വടികളായിരുന്നു സൈക്കിള്‍.

ചിലപ്പോളുണ്ടാക്കുന വീടുകളും ,,,,ഒരു നല്ല പഴയകാല ഓര്‍മ്മകള്‍ തന്ന എഴുത്ത് :)

സുനീഷ് said...

ബൈബിള് വായിക്കാന് തുടങ്ങിയതും, സ്കൂളിലെ ചാപ്പലില് പ്രാര്ഥനയ്ക്ക് ചേരാന് തുടങ്ങിയതും ആയിടയ്ക്കായിരുന്നു. അന്ന് ശ്രദ്ധയാകര്ഷിച്ച ഒരു വാക്കായിരുന്നു "ആത്മാവില് കുറ്റം ചെയ്തവര്".

വിഷ്ണു പ്രസാദ് said...

സുനീഷേ നല്ല കവിതയാണ്.
അഗ്രഗേറ്ററുകള്‍ കാണിക്കുന്നുണ്ട്.
ചിന്ത

വേണു venu said...

സുനീഷേ വളരെ ഇഷ്ടമായി.:)

പാമരന്‍ said...

പോര സുനീഷ് സാറെ.. 'ശാന്ത'യുടേയും 'തൊടിയില്‍നിന്നും' ന്‍റെയും അയലത്തുപോലും എത്തിയില്ല..

siva // ശിവ said...

good poem...

Sanal Kumar Sasidharan said...

വിഷ്ണുപ്രസാദിന്റെ വാക്കുകള്‍ കടമെടുത്തോട്ടെ.
“എഴുതിക്കഴിഞ്ഞ കവിതകളാണ് എഴുതാനിരിക്കുന്ന കവിതകളുടെ ശത്രുക്കള്‍”
അതുകൊണ്ടാണ് പാമരന്‍ ശാന്തയേയും.തൊടിയില്‍ നിന്നുമൊക്കെ ഓര്‍മ്മിച്ചത് .അങ്ങനെ ഓര്‍മ്മിപ്പിക്കാന്‍ കഴിയുന്നതും ചെറിയ കാര്യമല്ല :)

സുനീഷ് said...

തറവാടീ താങ്ക്സ്...
വിഷ്ണുമാഷേ അഗ്രിഗേറ്രറുകള്‍ ബൂലോക കവിതയിലെ അറിയിപ്പാണ് കാണിച്ചത്. ഇനി അഹമഹമിഹയിലെ കവിത ലിസ്റ്റ് ചെയ്യാനെന്തു ചെയ്യണോ ആവോ...
വേണൂ നന്ദി.
പാമരന്‍ ഒരു സ്പെഷ്യല്‍ താങ്ക്സ്... പോരാന്ന് തുറന്നു പറഞ്ഞ വാചകത്തിലെ ആത്മാര്‍ഥതയെനിക്കിഷ്ടപ്പെട്ടു.
ശിവകുമാറ് നന്ദി.
സനാതനന്‍ മാഷേ ആ വാക്കുകള്‍ വീണ്ടും ഞാന്‍ കടമെടുക്കുന്നു
“എഴുതിക്കഴിഞ്ഞ കവിതകളാണ് എഴുതാനിരിക്കുന്ന കവിതകളുടെ ശത്രുക്കള്‍”
അന്നേ നമ്മളാ കുട്ടികളെ തെരുവിലുപേക്ഷിച്ചാല്‍ മതിയായിരുന്നല്ലേ...

Anonymous said...

തീം നന്നായി. എഴുത്തില്‍ എന്തോ ഒരു ശക്തിക്കുറവു തോന്നി സുനീഷേ. ഒരുപക്ഷെ സനാതനന്‍ പറഞ്ഞതുതന്നെ ആവും കാരണം.