ബോര്ഡിങ്ങില് താമസിച്ച് പഠിക്കുമ്പോള്‍
പറയാതെ സ്കൂളിന്റെ മതില് കടന്നാല്‍
പുറത്തെ വായു തിന്നാല്‍
അദ്ധ്യാപകരുടെയടി കൈ തിണര്പ്പിച്ചിരുന്നു.
എന്നിട്ടും ഞങ്ങള്‍ കുറെയാമ്പിള്ളേര്
മതില് ചാടി കാട് കാണാന്‍ പോയി.
പഴയതൊക്കെ ചത്ത്
പുതുനാമ്പ് വളര്‍ന്ന് പച്ചച്ച കാട്
ഇരുട്ട് കാട്ടിക്കൊതിപ്പിക്കുന്ന കാട്
വകഞ്ഞ് വകഞ്ഞ്
തൊലിയുരഞ്ഞ് കീറി
കാല് വിരല്‍ മുട്ടിപ്പൊട്ടി
പാമ്പിന്റെയൂത്ത് കേട്ട് ഞെട്ടി
ഉച്ചയായപ്പോളൊരു ചോലയരുകിലെത്തി.
നാണമുള്ളവന്മാര്
തോര്ത്തുടുത്തും
നാണമില്ലാത്താമ്പിള്ളേര്
കാടിന്റെ തണുപ്പുടുത്തും
നീന്തലറിയാത്തവര്‍
ഒക്കത്ത് നിന്ന് നനച്ചപ്പോള്‍
നിലയെ പേടിച്ചവന്മാര്
അരയൊപ്പം നിന്ന് കുളിച്ചപ്പോള്‍
ആഴത്തെക്കൊതിക്കുന്നയാമ്പിള്ളേര്
വഴുക്കുള്ള പാറവരമ്പില് നിന്നും
കടുംപച്ച നിറച്ച കയത്തിലേക്ക്
മുതലക്കൂപ്പ് ചാടി.
കയത്തിന്റെയടീന്ന് ചെളി വാരാനുള്ള മത്സരത്തില്‍
ശ്വാസകോശമെല്ലാരെയും തോല്‍പ്പിച്ചപ്പോള്‍
ഒരാള്‍ ചാടിയിട്ടൊരു പാട് നേരമായിട്ടുമനക്കമില്ല.
ശ്വാസം പിടിച്ച് കരയ്ക്ക് നില്‍ക്കെ
നടുക്കിക്കൊണ്ടവന്
താടി പറിഞ്ഞ് പോയത് കൊണ്ടാവണം
ചിരി കണ്കുഴിയിലെ കറുപ്പിലൊളിപ്പിച്ചൊരു
തലയോട്ടിയുമായി പൊങ്ങി വന്നു.
പേടിപ്പിച്ചല്ലോടാ ശവമേന്ന് പറഞ്ഞപ്പോള്‍
ചെളിയില്‍ പൂണ്ടിരിക്കുവാരുന്നെടാ
എന്നാപ്പിന്നെ പൊക്കിയിട്ടേയൊള്ളെന്ന്
ഞാനും വച്ചെന്നവനും.
ഒരു ജനാധിപത്യവോട്ടെടുപ്പിന്റെ പാതയില്‍
രഹസ്യബാലറ്റിന്റെ സ്വഭാവത്തില്‍
തലയോട്ടി ബോര്ഡിങ്ങിലെത്തി-
യൊരു നാളൊരുത്തനെ പേടിപ്പിച്ചപ്പോള്‍
അദ്ധ്യാപകശ്രേഷ്ഠര്
കൈയ്യില്‍ ചൂരലിന്റെ മിന്നല്‍ പായിച്ചു.
രസമെന്താണെന്ന് വെച്ചാല്‍
അടുത്ത സയന്‍സ് എക്സിബിഷന്
കഴുകി വെളുപ്പിച്ച്
പ്ളാസ്റ്റര്‍ ഓഫ് പാരീസ് പൂശി
ഒരു വയ്പ് താടി വയ്പ്പിച്ച്
പാടുന്ന തലയോട്ടിയ്ക്ക്
ഒന്നാം സമ്മാനം മേടിച്ചു സ്കൂള്‍.
തിരിച്ച് വരുമ്പോള്‍
ഉള്ളിലിരുന്ന് പൊരിഞ്ഞതൊരു വിചാരം മാത്രം
എങ്ങനെയിനി കാട്ടില്‍ പോകും?
ആരിനി ചെളി കുത്താന്‍ കയത്തില്‍ ചാടും?
7 comments:
ഒരു നിരാസത്തിന്റെ കവിത.
"പഴയതൊക്കെ ചത്ത്
പുതുനാമ്പ് വളര്‍ന്ന് പച്ചച്ച കാട്"
കൊള്ളാം..
കുത്തിയിരുന്നെഴുത്താണെന്നു തോന്നുന്നല്ലോ... ഉമേഷ്ജി പറഞ്ഞപോലെ വയറിളക്കമായിപ്പോകല്ലേ..
കൊള്ളാം.
:)
:)
സുനീഷ് ഈ എഴുത്തുരീതി എനിക്കത്ര പിടിച്ചില്ല.കഴിഞ്ഞ രണ്ടുകവിതകളിലായി നിങ്ങള്‍ നടത്തുന്ന അന്വേഷണം താമസിയാതെ ഒരു മികച്ച കണ്ടെത്തലില്‍ അവസാനിച്ചേക്കും.പക്ഷേ ഒന്നുണ്ട് കവിതയുടെ ശരീരത്തില്‍ പറയാതെ ചിലകാര്യങ്ങള്‍ അതിന്റെ ആത്മാവില്‍ ഒളിപ്പിക്കുന്നതെങ്ങനെയെന്ന് നിങ്ങള്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.ആ തലയോട്ടിയെക്കുറിച്ച് അതിന്റെ ചരിത്രത്തെക്കുറിച്ച്,അതിന്റെ പശ്ചാത്തലത്തെക്കുറിച്ച് മനപ്പൂര്‍വ്വം മൌനമവലമ്പിച്ചുകൊണ്ട് പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് വയ്പ്പുതാടി വയ്പ്പിച്ച് പാട്ടുപാടുന്നതിലൂടെ ഉറങ്ങുന്ന ജീവിതത്തെ വിളിച്ചു കാണിച്ചുതരുന്നു നിങ്ങള്‍.രീതി..കണ്ടെത്തുന്നതുവരെ ഈ അന്വേഷണത്തില്‍ വിജയം ആശംസിക്കുന്നു.
വന്നു ...വായിച്ചു....
ബ്ലോഗില്‍ അപൂര്‍വമായി മാത്രം കാണുന്ന ചില ഗുരുത്വ ചിന്തകള്‍.. ഒരുപാട് സന്തോഷിപ്പിക്കുന്നു.. കവിത നന്നായി എന്നു പറയേണ്ടതില്ലല്ലോ?
Post a Comment