Saturday, February 16, 2008

സൌഹൃദം

ഇത്തിത്താനം മന്നത്ത് കടവ് പാലത്തിന്റെ കൈവരിയിലിരുന്ന്
നേര്‍ത്ത കാറ്റിന്‍റേയും
കുതിര്‍ന്ന ചേറിന്‍റേയും
താഴെത്തോട്ടിലെയാഫ്രിക്കന്‍ പായലിന്റേയും
എണ്ണിയാല്‍ തീരാത്ത സന്ധ്യകളില്‍
എത്ര സൈക്കിള്‍ ബെല്ലടികളേയും
എത്ര കാലിച്ചോറ്റുപാത്രങ്ങളേയും
എത്ര മുഷിഞ്ഞ ബസ് മണങ്ങളേയും
എത്ര നെല്‍ക്കറ്റകളേന്തിയ മെലിഞ്ഞ ചിരികളേയും
എത്ര കുഴഞ്ഞ നടത്തങ്ങളേയും
നാം കടത്തി വിട്ടിരിക്കുന്നു.

ബണ്ടിലെ പുല്ലില്‍
ചൊട്ടനുറുമ്പില്ലാത്ത സ്ഥലം നോക്കിയിരിക്കെ
പള്ളിയിലും പള്ളിപ്പാറയിലും
ഉത്സവത്തിലും അമ്പലക്കമ്മറ്റിയിലും
തുടങ്ങുന്ന വാക്കുകള്‍
ഇടയ്ക്ക് പാടിയും ചിരിച്ചും
പെണ്ണിലും പ്രേതത്തിലുമവസാനിക്കെ
നിന്നെ ഞാന്‍ നിന്റെ വീട്ടിലും
എന്നെ നീയെന്‍റെ വീട്ടിലും
എത്ര പ്രാവശ്യം കൊണ്ട് വിട്ടിരിക്കുന്നു.

നിന്നെപ്പിരിഞ്ഞയാ പുകയുന്ന സന്ധ്യയില്‍
ധാത്രീ ചുവന്നയീ സൂര്യനെ
ഗര്‍ഭം ധരിക്കരുതേ നീയിന്നെങ്കിലുമെന്ന്
ഗാംഭീര്യമാര്‍ന്ന സ്വരത്തില്‍ നീ ചൊല്ലിയപ്പോള്‍
ഭൂമിയ്ക്കപ്പുറം
രണ്ടാം നാളൊറ്റയ്ക്ക് ഞാന്‍ കാണുന്നത്‍
നിന്‍റെ സൂര്യനെയാകണേയെന്നായിരുന്നു
എന്‍റെയുള്ളിലുരുകിയത്.

മൂകമിരുട്ട് കനക്കേ
ചിരിച്ച് കൊണ്ട്
കരള്‍ കീറി പകുത്തെടുത്തതിലെ
കയ്ക്കുന്ന ഭാഗം
നീയെടുത്തില്ലേയെനിക്കു വേണ്ടി.

എന്നിട്ടുമെന്താണ് സുഹൃത്തേ
ഈയിടെയായ് ഞാന്‍ വിളിക്കുമ്പോള്‍
നീയെന്റെ പൈസ പോകുന്നതിനേപ്പറ്റി
വേവലാതിപ്പെടുന്നത്?
പണ്ടെന്നും പൂത്തിരുന്ന നമ്മുടെ നെല്ലിമരം
നെല്ലിമണികള്‍ പൊഴിക്കാതെ
വാടാന്‍ തുടങ്ങിയോ?

10 comments:

സുനീഷ് said...

വാടാന്‍ ഞാനങ്ങനെ സമ്മതിക്കില്ല സഖേ...

vadavosky said...

വളരെ നന്നായിരിക്കുന്നു.

Sanal Kumar Sasidharan said...

ബണ്ടിലെ പുല്ലില്‍
ചൊട്ടനുറുമ്പില്ലാത്ത സ്ഥലം നോക്കിയിരിക്കെ
പള്ളിയിലും പള്ളിപ്പാറയിലും
ഉത്സവത്തിലും അമ്പലക്കമ്മറ്റിയിലും
തുടങ്ങുന്ന വാക്കുകള്‍
ഇടയ്ക്ക് പാടിയും ചിരിച്ചും
പെണ്ണിലും പ്രേതത്തിലുമവസാനിക്കെ
നിന്നെ ഞാന്‍ നിന്റെ വീട്ടിലും
എന്നെ നീയെന്‍റെ വീട്ടിലും
എത്ര പ്രാവശ്യം കൊണ്ട് വിട്ടിരിക്കുന്നു.

ഇത് എഴുതിയത് ഞാനല്ലേ.....

പാമരന്‍ said...

ഭൂമിയ്ക്കപ്പുറം
രണ്ടാം നാളൊറ്റയ്ക്ക് ഞാന്‍ കാണുന്നത്‍
നിന്‍റെ സൂര്യനെയാകണേയെന്നായിരുന്നു
എന്‍റെയുള്ളിലുരുകിയത്.

marvellous..!

മാധവം said...

ഒത്തിരിയൊത്തിരിയൊത്തിരി ഇഷ്ടായി...

lost world said...

സുനീഷ് ഈയിടെയായി കവിത വായിച്ച് എന്തെങ്കിലും ഒരു പുതിയ അനുഭവം കിട്ടണമെങ്കില്‍ ഇങ്ങോട്ട് വരണം എന്നായിരിക്കുന്നു.നന്നായിരിക്കുന്നു ഈ കവിതയും.

ജ്യോനവന്‍ said...

കടത്തിവിട്ടവയ്ക്കപ്പുറത്തേയ്ക്കു കടന്നുകളഞ്ഞ 'സൗഹൃദത്തിന്റെ' നല്ലൊരു കവിത.
വാടില്ല. തീര്‍ച്ച.

നിലാവര്‍ നിസ said...

തുടങ്ങിയിട്ടുണ്ടാവില്ല... അതിന് സുനീഷ് സമ്മതിക്കില്ലല്ലോ..
ചില സ്റ്റേറ്റ്മെന്റുകള്‍ക്കകത്ത് നിന്ന് കവിതയുടെ പച്ച നെല്ലിക്കകള്‍ തല നീട്ടുന്നത് കൌതുകത്തോടെ നോക്കുന്നു..

ശ്രീവല്ലഭന്‍. said...

ആദ്യമാണ് ഇവിടെ. വളരെ ഇഷ്ടപ്പെട്ടു.

മൌനം said...

പണ്ടെന്നും പൂത്തിരുന്ന നമ്മുടെ നെല്ലിമരം
നെല്ലിമണികള്‍ പൊഴിക്കാതെ
വാടാന്‍ തുടങ്ങിയോ?

അഭിനന്ദനം....