Monday, January 19, 2009

ചക്കയട

അയ്യത്ത്
ചക്കപ്പഴം വെട്ടിയിറക്കുമ്പോള്‍
മണം പിടിച്ചെത്തുമായിരുന്നു
മെലിഞ്ഞൊരു പെണ്ണ്
ചക്കക്കൊതിച്ചിയെന്ന് കളിയാക്കിയാലും
ദീനതയോടെ ചിരിക്കുന്നവള്‍.

അയല്പക്കത്തെ പ്ലാവിലെ
കൂഴച്ചക്ക തിന്നുന്ന വെക്കത്തില്‍
വൈദ്യുതക്കമ്പിയില്‍ തട്ടി വീണ
നരിച്ചീറിനെ കറിയാക്കിയ ദിവസവും
ക്ഷണിക്കാതവള്‍ കയറി വന്നു.
കളിയാക്കിയപ്പോള്‍
മെഴുക്കു പുരണ്ട കവിളില്‍ നാണം.

പിന്നെ കണ്ടപ്പോള്‍
ആകെ മുഷിഞ്ഞ്
കണ്ണുകള്‍ കലങ്ങി...
ഒന്നു ചിരിച്ചോ?
വിശന്നിട്ടാണോ വയറിങ്ങനെയൊട്ടിയതെന്ന്
ചോദിക്കണമെന്നുണ്ടായിരുന്നു.

പ്രവാസത്തിലേതോ നിമിഷത്തില്‍
ചക്കയടയുടെ മണം വരുന്നെന്ന്
പറഞ്ഞു കേട്ട സങ്കടത്തിനമ്മ
ചക്കയടയുണ്ടാക്കി വച്ചിരുന്നു.
ഒരു കടി കടിച്ചപ്പോള്‍
ക്ഷണിക്കാതെ കയറി വന്നു
മുളകിട്ടു വച്ച നരിച്ചീറിന്‍‌റെ രുചി.

5 comments:

ഞാന്‍ ആചാര്യന്‍ said...

പൊന്നുമോനെ കൊതിപ്പിക്കല്ലെ, പട്ടിണിക്കിരുന്നു ബ്ലോഗിക്കോണ്ടിരിക്ക്യാ

ഞാന്‍ ആചാര്യന്‍ said...

'അയല്പക്കത്തെ പ്ലാവിലെ
കൂഴച്ചക്ക തിന്നുന്ന വെക്കത്തില്‍
വൈദ്യുതക്കമ്പിയില്‍ തട്ടി വീണ
നരിച്ചീറിനെ കറിയാക്കിയ ദിവസവും
ക്ഷണിക്കാതവള്‍ കയറി വന്നു.
കളിയാക്കിയപ്പോള്‍
മെഴുക്കു പുരണ്ട കവിളില്‍ നാണം.'

- super !!!

sreeNu Lah said...

മുളകിട്ടു വച്ച നരിച്ചീറിന്‍‌റെ രുചി

പാമരന്‍ said...

ഇതൊന്നും തനിമലയാളത്തില്‍ കണ്ടില്ലല്ലോ..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ithenikku ishtamaayi