Saturday, July 28, 2007

രസം ബീഭത്സം

വല:
ജീവിതം ചിലയിടത്തു നിന്നും തുടങ്ങുന്നു,
ഒഴുക്കു വെള്ളത്തിലേക്കു മഴയെന്ന പോലെ.
വഴികള്‍ നേരെയും പുളഞ്ഞും മുന്‍പോട്ട്‌.
ജീവിതം!
കാലം!
തിരിഞ്ഞൊന്നു നോക്കൂ!
പൂത്ത മുളങ്കാടിന്‍ തണലില്‍
നീ കണ്ട സ്വപ്നങ്ങള്‍!
നീളുന്ന വെയില്‍ച്ചീന്തില്‍ ചിരിക്കുന്ന വെള്ളിക്കൊലുസും,
മുള്‍വേലിക്കിരുപുറം പൂത്ത പൂച്ചില്ലകളും,
സിന്ദൂരം വാരിപ്പൂശിയ പെണ്ണിന്‍ കവിളിണകളും.
നെടിയൊരു നിശ്വാസത്തിനും നിനക്കര്‍ഹതയില്ല
നടന്നു കൊള്ളൂ,
ചതുപ്പുകള്‍ നിനക്കായി കാത്തിരിക്കുന്നു.

വേടന്‍:
കടുംചായം പുരട്ടി വേഷങ്ങള്‍ക്കിടയില്‍
നീയുമൊരു വേഷം
തീത്തെയ്യമായി കനലിലിറങ്ങിക്കൊള്ളൂ,
താളച്ചുവടുകള്‍ വഴി കാട്ടിയേക്കും
ഇനി പുഴയുടെ തണുപ്പിലേക്ക്‌
പാമ്പുകള്‍ നിറഞ്ഞ ഊടു വഴിയിലൂടെ.

പ്രാക്കള്‍:
ഓര്‍മ്മകള്‍ കത്തിത്തീര്‍ന്ന പന്തങ്ങള്‍ പോലെ,
കരി പിടിച്ചിരുണ്ടവ
വെളിച്ചമില്ല; ഒരല്‍പ്പം ചൂടു മാത്രം.

അവസ്ഥാന്തരം:
ഇനിയൊരവസരം,
ഡെമോക്ളിസിന്‍റ്റെ വാളില്‍ പിടിച്ചു കയറാം നിനക്ക്‌
തൊലി ഇന്‍ഷ്യുര്‍ഡ്‌ ആണെങ്കില്‍.

അനന്തരം:
വേടന്‍റ്റെ ഔചിത്യത്തേയും മറി കടന്ന്‌
പ്രാക്കള്‍ വലയുമായി പറക്കുന്നില്ലല്ലോ-
യെന്നെനിക്ക്‌.....

4 comments:

ആവനാഴി said...
This comment has been removed by the author.
ആവനാഴി said...

ഡെമോക്ലീസുതന്റെ വാള്‍ പോകട്ടെ സോദരാ
ഉറുമിവാള്‍ തന്നെ വന്നോട്ടേ വിഴുങ്ങിടാം
ആന ചര്‍‌മ്മം തോറ്റു പോകുമേ നിന്‍ തൊലി
വേണമോയിന്‍ഷുറന്‍സ് ‘കായ്’കളേണോ സഖേ?

സാല്‍ജോҐsaljo said...

കടുംചായം പുരട്ടി വേഷങ്ങള്‍ക്കിടയില്‍
നീയുമൊരു വേഷം


നന്നായി

Anonymous said...

സമീപനം ഇഷ്ടപ്പെട്ടു, ശൈലിയും