Thursday, September 27, 2007

മാനും പുലിയും

ഒരു പുഴയൊന്നായി വന്ന്
രണ്ടായി പിരിയുന്നിടത്ത്
രണ്ട് മാനുകള്‍
ദാഹം തീര്‍ക്കാന്‍ വന്നു.

ഒന്നാമത്തെ മാന്‍:

ശ്രദ്ധിക്ക്,
പുറകില്‍
പൊന്തയില്‍
രണ്ട് കണ്ണുകള്‍
വിശപ്പിന്റെ നിഴലുകള്‍
നീട്ടുന്നുണ്ട്.

രണ്ടാമത്തെ മാന്‍:

നിഴലിലിളകുന്നയാ
വിശപ്പിന്റെ തീക്ഷ്ണസൌന്ദര്യം
പതിഞ്ഞ കാലടിയിലെ
നിശബ്ദതയായിയെന്നില്‍
ത്രസിച്ച് പടരവെ,
നിന്നും, നടന്നും, തുടര്‍ന്നും,
പിന്നെയൊരു കുതിപ്പില്‍
മിന്നുന്ന ഉടലിന്റെ
ഗതി വേഗങ്ങളില്‍
അവന്റെ തൊണ്ടയെരിച്ചും
ഇരയുടെ ധര്‍മ്മം ചമയ്ക്കും ഞാന്‍.

ഒടുവിലവന്റെ ഭാരത്തിന്കീഴേ
പിടഞ്ഞ് കുതറി-
യെന്നത്തേയും പോലെ
തോല്‍ക്കുമ്പോള്‍,
ക്രൌര്യം കണ്‍കളില്‍
വായിക്കുമ്പോള്‍,
കാല്ച്ചുവട്ടില്‍ പിടഞ്ഞമരുമ്പോള്‍,
വന്യമായ കിതപ്പെന്റെ

മുഖത്ത് തട്ടുമ്പോള്‍,
ആരാധിക്കും ഞാനവനെ.

കൂര്‍ത്ത നഖമെന്റെ
മാംസത്തിന്റെ അടരുകളില്‍
പിളര്‍ന്നിറങ്ങട്ടെ,
ചീറ്റുന്ന ചോരയിലവന്‍
നാക്ക് നൊട്ടി നുണയട്ടെ,
നിറവിന്റെ പാടയാവട്ടെ
രുചിക്കുന്ന ഉപ്പ്,
ഞരക്കങ്ങളവന്റെ
ഗര്‍ജ്ജനത്തിന് തൊട്ടു കൂട്ടലാവട്ടേ.
ഒടുവില്‍
തികവിന്റെ തൃപ്തിയില്‍
അവനകലുന്നത്
അസ്ഥികളില്‍ പൂത്ത
കണ്‍കളില്‍ ഞാന്‍ കാണും,
അപ്പോള്‍ ബാക്കിയുള്ള
മാംസച്ചീളുകള്‍ കൂടി പിടയ്ക്കും
ഒരു വേട്ടയാടലില്‍
മുറിക്കപ്പെട്ട്
മണ്ണു പുരളാന്‍.

8 comments:

സുനീഷ് said...

ഭയമില്ലങ്ങയെ…

ശ്രീ said...

കൊള്ളാം... നന്നായിരിക്കുന്നു.
:)

ബാജി ഓടംവേലി said...

നന്നായിരിക്കുന്നുണ്ട്.
കൂറുതല്‍ പേര്‍ വായിച്ച് അഭിപ്രായം അറിയിക്കേണ്ടതുണ്ട്.

കുഞ്ഞന്‍ said...

ഇന്നത്തെ സാര്‍ത്ഥലോകത്തിനൊരു മറുപടി..അഭിനന്ദനങ്ങള്‍..:)

വിഷ്ണു പ്രസാദ് said...

കവിത നന്നായിട്ടുണ്ട്.

സഹയാത്രികന്‍ said...

നന്നായിരിക്കുന്നു...
ആശംസകള്‍

:)

സുനീഷ് said...

ശ്രീ, ബാജീ, കുഞ്ഞന്‍, വിഷ്ണുമാഷ്‌, സഹയാത്രികന്‍ നന്ദി...

ഗുപ്തന്‍ said...

നന്നായി സുനീഷ്.. അഭിനന്ദനങ്ങള്‍... കൂടുതല്‍ എഴുതൂ

ഓഫ്: വാരഫലത്തില്‍ ലിങ്കിട്ടതും നന്നായി...