Friday, October 19, 2007

തൊടിയില് നിന്നും വീട്ടിലേക്ക്

വീടിന് താഴേ
മൂന്ന് തട്ടായിട്ട് തൊടി,
താഴത്തെത്തൊടിയില്‍
കുഞ്ഞിലേ കളിക്കുമ്പോള്‍
ആള്‍പ്പൊക്കത്തിലസംബ്ലി കൂടി-
ക്കുറെ കപ്പച്ചെടികള്‍.
കപ്പ പറിച്ച്
തരിശാക്കുമ്പോള്‍ കാണാം
ദൂരെ പഴഞ്ചന്‍ ചിറ,
ചിറയ്ക്കുയരെ പാലം.
തൊടിക്ക് നടുക്ക്
കപ്പത്തലപ്പ് വെട്ടിയിട്ട് നിറയ്ക്കുന്ന,
തലങ്ങും വിലങ്ങും
മണ്ടന്‍ ചേരകള്‍ നീന്തുന്ന
പൊട്ടക്കിണര്‍.

ഈര്‍ക്കില്‍ത്തുമ്പില്‍
മച്ചിങ്ങ കോര്‍ത്തെറ്റി-
പ്പറത്തുമ്പോഴാണ്-
പെരുമരക്കൊമ്പത്തൊരു
കാക്കക്കൂട്.
കുതൂഹലം
തോട്ടിക്കമ്പിലേറി-
ക്കുത്തിച്ചാടിച്ചപ്പോളതില്‍
തൂവല്‍ മുളയ്ക്കാത്ത,
അമ്മ
ഇര തപ്പാന്‍ പോയൊരു
കാക്കക്കുഞ്ഞ്.
എടുത്തപ്പോള്‍
വയറ് പൊട്ടിക്കുടല്‍ ചാടി-
ച്ചത്തിരിക്കുന്നു.

ചോര കയ്യില്‍പ്പറ്റിയപ്പോളറപ്പ് തോന്നി
കിണറ്റിലിട്ടു.
വട്ടയിലയില്‍
കൈ കഴുകുമ്പോള്‍
പനിക്കോള്‍ പിടിച്ചൊരാകാശം
തുമ്മുന്നു.
കാല്‍പ്പുറക് തണുക്കും മുന്‍പ്
ഒന്ന്, രണ്ടെന്നെണ്ണി
തൊടികള്‍
കുതിച്ച് കയറി
കുശിനിപ്പുരയിലെ
തൈല മണം
പിടിക്കാന്‍ നില്‍ക്കാതെ,
തൊഴുത്തിലെ
വൈക്കോലിനൊടു
ചൊറിയാന്‍ നില്‍ക്കാതെ
അടുക്കളയില്‍ക്കൂടി
പാഞ്ഞുമ്മറത്തെത്തിയപ്പോള്‍
വഴിയിലെ
ചെമ്മണ്ണിനേയെടുത്തോണ്ട് പോകുന്നു
വലിയൊരു മഴ,
ഒരു കുഞ്ഞുറുമ്പിനെക്കൊന്നതിന്റെ
പുളി കുടിച്ചോണ്ട്.

11 comments:

സുനീഷ് said...

സഹിക്കാന് പറ്റാത്തത് കൊണ്ടെഴുതിയതാണ്. കവിതയായോ, ഗദ്യമായോ, കഥയായോ… ഇഷ്ടമുള്ളത് പോലെ വായിക്കാം…

ദിലീപ് വിശ്വനാഥ് said...

ഞാന്‍ അത് കഥയായി വായിച്ചു.

ശ്രീ said...

സുനീഷേ...
ഇതു പോലെ ഇടയ്ക്കൊക്കെ ഒന്നു വന്നു പോവുക...

:)

Sreejith said...

ഞാന്‍ കഥയായി വായിച്ചുതുടങ്ങി പക്ഷേ പകുതിയായപ്പോള്‍ ഒരു സംശയം കവിതയല്ലേ ,ആണോ.....

ക്രിസ്‌വിന്‍ said...

ഒരു കുഞ്ഞുറുമ്പിനെക്കൊന്നതിന്റെ
പുളി കുടിച്ചോണ്ട്.

സുനീഷ്‌, കവിത തന്നെ

ശെഫി said...

വായിച്ചു, കുറച്ചു ഓര്‍മകളെ മനസ്സിലെത്തിക്കാന്‍ കഴിയുന്നുണ്ട്‌ ഈ ഗദ്യ കവിതക്ക്
വോ കാഗസ് കി കഷ്ടി വോ ബാരിഷ് കി പാനി

simy nazareth said...

:( പോട്ടെ. കഴിഞ്ഞ കാര്യമല്ലേ. ഇനി ഓര്‍ക്കണ്ടാ.

വിഷ്ണു പ്രസാദ് said...

സുനീഷേ,
ഇതു വരെ വായിച്ച താങ്കളുടെ രചനകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഇതു തന്നെ.സംശയിക്കണ്ട,കവിത തന്നെ.

ടി.പി.വിനോദ് said...

സുന്ദരമായ കവിത സുനീഷേ...

പാമരന്‍ said...

just amazing..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഞാനൊന്ന് കരയട്ടെ??????????