Sunday, March 30, 2008

വൈദ്യര്‍

വൈദ്യര്‍
പേര്‍ കേട്ട ജോത്സ്യര്‍ ആണ്‍
പുലരെ കുളിച്ച്
കവിടിയുടെ വടിവില്‍
പരല്‍പ്പേരുകള്‍ ഗണിച്ച്
ശ്ലോകമാത്രകളില്‍
ഭാവിയുടെയാശ്വാസങ്ങളെ
വാര്‍ത്തെടുക്കുന്നയാള്‍ ആണ്‍.

വൈദ്യര്‍
അമ്പലത്തില്‍ പോകാത്ത
പാര്‍ട്ടിയുടെയാദ്യകാല അംഗമാണ്‍
ചുമച്ച് ക്ഷയിച്ച് കിടന്നപ്പോഴും
വാസേവാ നമ്മുടെ
പാര്‍ട്ടിക്ക് തന്നെ കുത്തണെ
എന്ന് പറഞ്ഞ്
ബൂത്തില്‍ പോയിരുന്നയാളാണ്‍.

മൂത്ത മകന്‍ മൃഗഡോക്ടര്‍
കമ്യൂണിസ്റ്റായത് കൊണ്ട്
അമ്പലത്തില്‍ക്കയറില്ലായെന്ന്
വാശി പിടിച്ചപ്പോള്‍
സാരമില്ല
അവനുമെന്നെപ്പോലെ
നാവ് കൊണ്ട് പേരെടുക്കുമെന്ന്
പ്രവചിച്ചയാളാണ്‍

(മകനിപ്പോള്‍
അച്ഛന്‍‌റെ ചിത്രം
കണ്ട് തൊഴുതിട്ടേ
കവിടി തൊടാറുള്ളൂ).

ഞാന്‍ പഠിച്ച് മിടുക്കനായി
ഡോക്ടറാകുമെന്ന്
ഗ്രഹനില നോക്കിപ്പറഞ്ഞയാളാണ്‍.
ലേഹ്യമുരുളിയില്‍ നിന്നു
പകര്‍ന്ന് കഴിഞ്ഞ്
മിച്ചം തോണ്ടി
നാവില്‍ വച്ചു തന്ന്
ഇന്നാടാ പട്ടിക്കണ്ടായെന്ന്
പല്ലില്ലാത്ത ചിരി ചിരിക്കുന്നയാ
വൈദ്യര്‍
എന്‌റെ വല്യച്ഛനായിരുന്നു‍.*

വല്യച്ഛന്‍‌റെ പ്രവചനവും
അച്ഛന്‍‌റെ മോഹവും
ഒന്നു തന്നെയായിരുന്നോ?
ഞാനൊരു‍ ഡോക്ടറായില്ല.

----------
വല്യച്ഛന്‍ : അച്ഛന്‍‌റെ അച്ഛന്‍

5 comments:

സുനീഷ് said...

ഈയിടെ വല്യച്ഛനെ സ്വപ്നം കണ്ടു.

പാമരന്‍ said...

അച്ഛനിച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും ചിലപ്പോ ശെരിയാകുമായിരിക്കും.. ഉടനെ ഡോക്റ്ററാവാതെ ഡോ.സുനീഷ്‌ ആവില്ലേ?

നാസ് said...

:-)

Sanal Kumar Sasidharan said...

(മകനിപ്പോള്‍
അച്ഛന്‍‌റെ ചിത്രം
കണ്ട് തൊഴുതിട്ടേ
കവിടി തൊടാറുള്ളൂ).

ഈ വരികള്‍ കവിതയെ ഇല്ലാതാക്കി എന്നു തോന്നി.മനപ്പൂര്‍വ്വമായ ഒരേച്ചുകെട്ടല്‍ പോലെ.
അതില്ലായിരുന്നെങ്കില്‍ എന്നുതോന്നി.പിന്നെ ണ്‍,ണ്‍ എന്ന് അവസാനിപ്പിച്ചിരിക്കുന്നത് മനപൂര്‍വ്വമാണെന്ന് കരുതട്ടെ?

ദിലീപ് വിശ്വനാഥ് said...

കൊള്ളാം, നല്ല വരികള്‍!