Thursday, March 13, 2008

തിരിഞ്ഞൊഴുകുന്ന ജലം

മണ്ണ് നനഞ്ഞ്
കിടന്നിടത്ത് നിന്ന്
നൂറ് മക്കളെണീറ്റ്
ചെന്നോരോ

കുടങ്ങളുടെ
മറുപിള്ളയില്
സുഷുപ്തിയിലാണ്ടു.

കുഞ്ഞിന്
തനിച്ചൊഴുകാനൊരു
നൌക കെട്ടിയിട്ടമ്മ‌
സൂര്യന്റെ തിടപ്പള്ളിയിലേക്ക്
തിരിച്ചു നടന്നു.

അറ്റു പോയ
കൈ കൊണ്ടൊരു ശില്പ്പി
വെണ്ണക്കല്ലൊന്ന് മിനുക്കുമ്പോള്
പ്രണയസ്മാരകം കണ്ട്

കണ് നീറിയ‌
ഭൂപതി
മരിച്ച് പോയ രാജ്ഞിയുടെ
അറവാതില്
അകത്ത് നിന്നുമടച്ചു.

അയ്യത്തിരുന്നു
ഓല മെടഞ്ഞൊരപ്പൂപ്പന്
കോരയുടെ കണ്ടത്തില്
കൊയ്യുന്ന ചെറുമികളെ
നടു നിവര്ത്തിക്കാതെ നിന്ന്
പണിയെടുപ്പിക്കുന്ന‌
കാര്യസ്ഥനാകാന്
തലയെടുത്ത് നടന്നു പോയി.

ഇന്നും ഇന്നലെയും
കൂടിയെന്നുമിങ്ങനെ

വേഴ്ചയായാല്‍
പാവം നാളെ
പടിക്കു പുറത്തൊരു
വിളിയും കാത്തിരിക്കണമല്ലോ.



4 comments:

സുനീഷ് said...

തിരിഞ്ഞൊഴുകുന്ന ജലം

മാധവം said...

അതിമനോഹരം.............

Suraj said...

'സമയത്തെ'ക്കുറിച്ച് വരികള്‍ക്കിടയിലെ വായനയില്‍ അനേകം അര്‍ത്ഥങ്ങള്‍ കാണുന്നു. കവിയുടെ കൈയ്യൊപ്പ്.
വളരെ ഇഷ്ടമായി ഇത്.

Sanal Kumar Sasidharan said...

ഇന്നലെകളുടെ തനിയാവര്‍ത്തനം,അതുമാത്രമാണ് ഇന്ന് എന്ന തിരിച്ചറിവുണ്ടാക്കുന്ന വേദനയാണെന്ന് തോന്നുന്നു കവിത.വ്യത്യസ്തമായ ‘നാളെ‘ ഒരു വെറും കാത്തിരിപ്പും.