Wednesday, April 2, 2008

നൊസ്സ്

;
ഭ്രാന്തിന്‍റെ ചികിത്സയിലായിരുന്നു.

കുറെ നാള്‍
ലെനിനായിരുന്നു,
പിന്നെ
ബൊളീവിയന്‍ കാടുകളുടെ
നെഞ്ചെരിച്ച
ഒരു വെടിയുണ്ട,
യിപ്‌ഹോങ്ങ് റെസ്റ്റോറന്‍റിലെ
സോസിട്ടു വച്ച
ചൈനീസ് മത്സ്യം,
കുന്നോളമുള്ള കുഴിയില്‍
കല്‍ക്കരി വാരുന്നവന്‍‌റെ
ചെറുതുകല്‍‌സഞ്ചിയിലെ
മൂലധനം

എന്നിലേക്ക് മാത്രം
കടന്ന്
ഞാന്‍ ഞാനെന്ന് തന്നെ
ഉറപ്പിച്ചപ്പോഴാണ്
മൂര്‍ച്ഛിച്ചെന്ന്
വിധിയെഴുത്ത് വന്നത്

ഇരുമ്പ് കൂട്ടില്‍
തഴച്ച
ബൊളീവിയന്‍ മരങ്ങള്‍
വെറ്റിലക്കറ കാട്ടി
ചിരിച്ച
ചെമന്ന ബ്ലൌസിട്ട
നെല്ല് മെതിക്കുന്ന
യന്ത്രങ്ങള്
വിയര്‍ത്തും നനഞ്ഞും
മുറിക്കോണിലെ
ദ്വാരങ്ങള്‍
നോക്കിപ്പോയ
വിപ്ലവങ്ങള്‍

പാതകത്തിണ്ണയിലെയൊരരിവാളോ
ചന്ദ്രനില്ലാത്തൊരാകാശമോ
കുശിനിപ്പുരയിലെയൊരു ചുറ്റികയോ
കണ്ണുകളെ ചുവപ്പിക്കുന്നില്ലെന്ന് തോന്നുന്നു

കടല്‍ കുടിച്ചത്ര
വൈദ്യുതി
തൊട്ടു മറിച്ചിട്ട് കടന്നാലും
അറിയാതെയെങ്കിലും
അമ്മേന്ന് മാത്രമാണല്ലോ
ഉള്ളിലലയ്ക്കുന്നത്

കണ്ണ് ഞെരടിപ്പൊടിച്ചിട്ടും
കരയാനറിയാത്തവനേ
കരള്‍ മുറിച്ച് കരിങ്കല്ല്
പണിതവനേ

10 comments:

സുനീഷ് said...

ഭ്രാന്തെന്ന് പേരിട്ടാല്‍ തമാശ കുറഞ്ഞെങ്കിലോ?

പാമരന്‍ said...

ഒരേ തൂവല്‍പക്ഷികള്‍!

Sanal Kumar Sasidharan said...

കണ്ണ് ഞെരടിപ്പൊടിച്ചിട്ടും
കരയാനറിയാത്തവനേ
കരള്‍ മുറിച്ച് കരിങ്കല്ല്
പണിതവനേ

വളരെ നല്ല കവിത സുനീഷേ.കരളില്‍ തൊടുന്ന ബിംബങ്ങള്‍

ഗുപ്തന്‍ said...

തകര്‍ത്തു :)

ജ്യോനവന്‍ said...

തീക്ഷ്ണം

യാരിദ്‌|~|Yarid said...

നല്ല വരികള്‍...:)

ദിലീപ് വിശ്വനാഥ് said...

ഇതിനെ നൊസ്സ് എന്നു തന്നെ വിളിക്കുന്നതാ നല്ലത്.

Unknown said...

കോള്ളാ വിപ്ലവങ്ങള്‍ക്കു ഇന്നു ശക്തി കുറവാണെന്നു മാത്രം

സുനീഷ് said...

പാമരാ നന്ദി :)
സനാതനന്‍ മാഷേ നന്ദി. കരളില്ലായിരുന്നുവെങ്കില്‍ നാമീ കുടിക്കുന്ന വിഷമെല്ലാം എങ്ങനെ ഒഴുക്കിക്കളയുമായിരുന്നു?
ഗുപ്തരേ നന്ദി. ആ കഥ എവിടെ? ഞാന്‍ രണ്ടാമതൊന്നു വായിക്കാന്‍ വന്നു നോക്കിയപ്പോള്‍ കണ്ടില്ല. :(
ജ്യോനവന്‍, യാരിദ് നന്ദി.
അനൂപേ ഉള്ളില്‍ നടക്കുന്ന വിപ്ലവങ്ങള്‍ക്കിന്നും ഒരു ശക്തിക്ഷയവുമില്ല.:)

ഗുപ്തന്‍ said...

നൊസ്സാ..ഗുപ്തം പേജിലെ സൈഡ്‌പാനലില്‍ മുന്‍പെഴുതിയകഥകള്‍ എന്ന് ലിങ്ക് കൊടുത്തിട്ടുണ്ട്. വേഡ്പ്രസിലെ കിണറില്‍ വീഴും :)