രാവിലെ
പല്ലു തേക്കാനുമിക്കരിയെടുത്ത് ചെല്ലുമ്പോള്‍
താഴത്തെത്തൊടിയില്‍
പാവലിന് പന്തല്‍ കെട്ടുന്ന ബഹളമായിരിക്കും
പിള്ളേ അങ്ങനേല്ലിങ്ങനേന്ന്
വല്യച്ഛനും
യ്ക്കറ്യാം ഞാനാദ്യായിട്ടാ ത് കെട്ടണേന്ന്
പിള്ളേച്ചനും
അന്നേരം ഞാന്‍ ചോദിക്കും
ദെങ്ങ്നാ കെട്ടണേ വല്യച്ഛാന്ന്
കണ്ണിറുക്കിയൊരു ചിരി ചിരിച്ച്
വല്യച്ഛന് പറയും
ദ്ക്കെയൊരു ട്രിക്കല്ലേ
കുശിനിപ്പുരയ്ക്കോല മേയുമ്പോള്‍
പിള്ളേ കുരുത്തോല നല്ലോണം
വാട്ടിയേ കെട്ടാവുള്ളൂന്ന്
വല്യച്ഛനും
യ്ക്കറ്യാം ഞാനാദ്യായിട്ടാ ത് ചെയ്യണേന്ന്
പിള്ളേച്ചനും
അന്നേരവും ഞാന്‍ ചോദിക്കും
ദെങ്ങ്നാ കെട്ടണേ വല്യച്ഛാന്ന്
വയറിനിട്ടൊരു കുഞ്ഞിക്കിളിയിട്ട്
വല്യച്ഛന് പറയും
ദ്ക്കെയൊരു ട്രിക്കല്ലേ
വല്യച്ഛന് മരിച്ചന്ന്
പിള്ളേ പന്തല്‍ കെട്ട്ണോല്ലോ
മഴ പെയ്താ മാലിപ്പുര കെട്ട്ണോല്ലോന്ന്
ഓരോരുത്തര് ചോദിച്ചപ്പോള്‍
ബീഡി തുരുതുരെ വലിച്ച്
യ്ക്കൊന്നറീല്ലാന്ന് പറഞ്ഞ്
കണ്ണു തുടച്ചു
പിള്ളേച്ചന്
എന്നാലുമെന്റെ വല്യച്ഛാ
ആ കെട്ടെങ്ങനാ കെട്ടീത്ന്ന്
പറഞ്ഞില്ലല്ലോ ഇതു വരെ.
9 comments:
വല്യച്ഛന് ഒരു വല്യച്ഛന് തന്നെയായിരുന്നു. 10 വര്‍ഷം കഴിഞ്ഞും ഞങ്ങള്‍ കൊച്ചു മക്കള്‍ നഷ്ടബോധത്തോടെയോര്ക്കുന്ന ഞങ്ങളുടെ വല്യച്ഛന്.
അഹമഹമികയാ എന്നതാണു ശരിയായ രൂപം.
മധുരാജേ അഹമഹമിഹയായും അഹമഹമികയായും രണ്ട് അര്‍ഥം ഉള്ള വാക്കുകളാണ്. അഹമഹമിഹയാ എന്നു വച്ചാല്‍ അഹം+അഹം+ഇഹയ = ഞാന്‍, ഞാന്‍ ഇവിടെ എന്നാണര്‍ഥം.
തിരിച്ചുവരവ് നന്നായി. വല്ല്യച്ഛന് മൂന്നു-നാലു കവിതകളില്‍ കയറി വന്നതുകൊണ്ട് ബന്ധത്തിന്റെ ആഴം ഊഹിച്ചു.
സുനീഷ്,കവിത ഇഷ്ടമായി.കവിതയുടെ ആ ശൈലിയും
മിതത്വവും കവിതയ്ക്ക് യോജിച്ചതായി.
“ദ്ക്കെയൊരു ട്രിക്കല്ലേ”...
ആ പോയ പോക്കും ഒരു ട്രിക്കല്ലേ?
നഷ്ടബോധം വേണ്ടാ ട്ടോ..
നോക്ക് ഇപ്പോള്‍ ബൂലോകം നിറഞ്ഞ്
നില്‍ക്കുന്നില്ലേ വല്ല്യ ച്ഛന്!
നന്നായി
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു.
ഒന്നാന്തരം കവിത സുനീഷ്. ഞാൻ ഇതൊക്കെ ഇപ്പഴാ വായിക്കുന്നേ. സോറി!
Post a Comment