Thursday, May 8, 2008

പ്രണയം ഒരു ബോറന്‍ ഫ്രെയിം

പ്രണയമേ
നീ വരൂ
നമുക്കീ പളുങ്ക് കൊട്ടാരങ്ങള്‍
ഒന്നൊഴിയാതെ തച്ചുടയ്ക്കാം
ഗന്ധകം മണക്കുന്ന പൂന്തോട്ടങ്ങള്‍
തീ കൊടുത്തു രസിക്കാം
സ്വസ്ഥതയുടെ താഴ്വാരങ്ങള്‍
ഓരോ പിടി മണ്ണു കൊണ്ടു നിറയ്ക്കാം

പ്രണയമേ
പറഞ്ഞാലുമെഴുതിയാലും തീരാത്ത
നൊമ്പരങ്ങളുടെ അസമവാക്യമേ

പുളയുന്ന ഉടലുകളില്‍
നാഗങ്ങള്‍ പൂക്കുമ്പോള്‍
നാഭികള്‍ ചുറ്റി
കിതപ്പുകളുരഗസഞ്ചാരം ചെയ്യുമ്പോള്‍
വല പൊട്ടിയൊരു ചിലന്തിയൂര്‍ന്ന്
നെഞ്ചുകളില്‍ കൂടു കൂട്ടുമ്പോള്‍
വിഷലിപ്തമാത്രകളില്‍
നീ പെറ്റ കുഞ്ഞുങ്ങളെ
നീ തന്നെ തിന്നു കൂട്ടുമ്പോള്‍

പ്രണയമേ
വെറുത്തിഷ്ട്പ്പെട്ടു പോകുന്ന
പ്രാണന്‍റെ നിര്‍ധാരണമൂല്യമേ

നീ വരൂ
നമുക്കീ ജീവന്‍‌റെ
ചന്ദന വാതിലടച്ചിടാം
നീര്‍വറ്റി വരളുമ്പോള്‍
പിരിയുന്ന സങ്കടങ്ങളാകാം
ഇരുദിക്കിലും തിരിയുന്ന കാറ്റിന്‍റെ ചില്ലകളിലെ
ഇരുളില്‍ കരയുന്ന മൌനങ്ങളാകാം

പ്രണയമേ

6 comments:

സുനീഷ് said...

കുഴൂര്‍ വിത്സണ്‍

പാമരന്‍ said...

പുറത്തുനിന്നു നോക്കിക്കാണല്‍? കൊള്ളാം.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നിന്റെ പുഞ്ചിരിയില്‍ തെളിയുന്ന സ്നേഹം എന്റെ ഹൃദയത്തില്‍ ആവാഹിക്കുമ്പോള്‍ പകരം വെയ്ക്കാന്‍ ഒരിയ്ക്കലും വറ്റാത്ത സ്നേഹം

Unknown said...

ഇത്തിത്താനം ഞാന്‍ ഒരു കോട്ടയത്തകാരനാണ്
അവിടെയുള്ള പൂവലമ്മാര് എങ്ങനേലും
ജിവിച്ചു പോട്ടെ ഇയ്യാള് പ്രണയം ചുമ്മാ ബോറായെന്നൊക്കെ പറഞ്ഞ് ചുമ്മാ മനസുമാറ്റാന്‍ നോക്കല്ലെ
ഇവിടെ പൊട്ടിയ പ്രണയം തുടര്‍ക്കഥയായി
എഴുതി കൊണ്ടിരിക്കുമ്പോഴാണ്
പ്രണയം ബൊറാന്നുള്ള ഒരു സിദ്ധാന്തം
ഇത്തിത്താനത്തൊക്കെ ഇപ്പോ മഴയുണ്ടാകുമോ....?

ഗിരീഷ്‌ എ എസ്‌ said...

മനോഹരമായ വരികള്‍
ആശംസകള്‍

Anonymous said...

മൊത്തത്തില്‍ ഒരു ഡി വിനയചന്ദ്രന്‍ ഓര്‍മ സുനീഷേ :)

ഒരു ഓര്‍മപ്പെടുത്തല്‍ പോലെ